ഡബ്ലിൻ: ജൂലൈ ഒന്നു മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആറു വയസിൽ താഴെയുള്ളവർക്കുള്ള സൗജന്യ ജിപി കെയർ സ്‌കീമിലേക്ക് ഇന്നു മുതൽ മാതാപിതാക്കൾക്ക് രജിസ്റ്റർ ചെയ്യാം. സൗജന്യ ജിപി കെയറിന് യോഗ്യതയുള്ള 270,000 കുട്ടികളുടെ മാതാപിതാക്കൾക്ക് എച്ച്എസ്ഇ വെബ് സൈറ്റിലെ www.gpvisitcard.i-e  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. നിലവിൽ ജിപി വിസിറ്റിന് ഫീസ് നൽകുന്നവരാണ് ഇവർ. ഈ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് പോസ്റ്റിൽ അയച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.

എന്നാൽ മെഡിക്കൽ കാർഡ് കോൺട്രാക്ടുള്ള  2415 ഫാമിലി ഡോക്ടർമാരിൽ 1407 പേർ മാത്രമാണ് സൗജന്യ ജിപി സേവനത്തെ പിന്തുണച്ചു കൊണ്ട് വോട്ടു ചെയ്തിരിക്കുന്നത്. ഇത് 58 ശതമാനം മാത്രമേ ആകുന്നുള്ളൂ. സൗജന്യജിപി സേവനത്തിന് തയാറാകുന്ന ജിപിമാർക്ക് ഓരോ കുട്ടിക്കും എച്ച്എസ്ഇയിൽ നിന്ന് കാപ്പിറ്റേഷൻ ഫീ ലഭിക്കുകയും ചെയ്യും.

സൗജന്യ ജിപി കെയറിനെ പിന്തുണയ്ക്കാത്ത ഏറെ ഡോക്ടർമാർ ഉള്ളതിനാൽ ആറു വയസിൽ താഴെയുള്ള കുട്ടിക്ക് സൗജന്യ സേവനം ലഭ്യമാക്കണമെങ്കിൽ മിക്ക മാതാപിതാക്കൾക്കും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ടിപ്പറാറിയിലുള്ള ഭൂരിഭാഗം ഡോക്ടർമാരു പദ്ധതിയെ പിന്തുണച്ചിട്ടില്ല. ലൂത്ത്, ഡൺ ലയോഗെയർ, ലീമെറിക്ക്, വെസ്റ്റ് കോർക്ക്, കിൽഡെയർ, വെസ്റ്റ് വിക്ലോ എന്നിവിടങ്ങളിലും സൗജന്യ ജിപി കെയർ നൽകുന്ന ഡോക്ടർമാരുടെ എണ്ണം കുറവായിരിക്കും. രാജ്യത്തെ ഒരു കൗണ്ടിയിൽ നിന്നും ഡോക്ടർമാരുടെ പൂർണപിന്തുണ ലഭിച്ചിട്ടില്ല. ഡൊണീഗലിൽ 94 ശതമാനവും സ്ലൈഗോ/ ലീട്രിം മേഖലയിൽ 90 ശതമാനവും ഡോക്ടർമാർ പിന്തുണ നൽകി വോട്ട് ചെയ്തിട്ടുണ്ട്.

വെബ് സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യുമ്പോൾ ലോക്കൽ ജിപി ആരാണെന്നു നോക്കി സ്‌കീമിൽ സേവനം ചെയ്യാൻ തയാറാണോയെന്ന് പരിശോധിച്ച് അവരെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അതേസമയം കുട്ടിക്കും മാതാപിതാക്കൾക്ക് പിപിഎസ് നമ്പർ ഉണ്ടായിരിക്കുകയും വേണം. ജൂലൈയിൽ ആറു വയസാകുന്ന കുട്ടികളേയും പദ്ധതിയിൽ ചേർക്കാം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മാതാപിതാക്കൾ തെരഞ്ഞെടുത്തിട്ടുള്ള ജിപിക്ക് കുട്ടിയുടെ വിശദാംശങ്ങൾ അയയ്ക്കും. ജിപി കുട്ടിയുടെ വിശദാംശങ്ങൾ സ്വീകരിച്ചു കഴിഞ്ഞാൽ യോഗ്യതയുള്ള കുട്ടികൾക്ക് ഏതാനും ദിവസങ്ങൾക്കകം ജിപി വിസിറ്റ് കാർഡ് അയച്ചു കൊടുക്കുകയും ചെയ്യും.
അതേസമയം ജിപി വിസിറ്റ് കാർഡ് മരുന്നുകളുടെ വില കുറയ്ക്കുന്നതിനോ ആശുപത്രി ചെലവുകൾ വഹിക്കുന്നതിനോ സഹായിക്കുകയില്ല. നിലവിൽ മെഡിക്കൽ കാർഡോ, ജിപി വിസിറ്റ് കാർഡോ ഉള്ള കുട്ടികൾ സ്വാഭാവികമായും ഇതിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുമെന്നും എച്ച്എസ്ഇ അറിയിക്കുന്നു.

അതേസമയം 70 വയസിനു മുകളിലുള്ളവർക്ക് സൗജന്യ ജിപി സേവനം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഓഗസ്റ്റ് വരെ ഇതു പ്രാബല്യത്തിലാകില്ല എന്നും അറിയിപ്പുണ്ട്.