ദുബായ്: രണ്ടു മാസത്തെ അവധിക്കു ശേഷം സ്‌കൂളുകളിൽ അധ്യയന വർഷം ആരംഭിച്ചു. സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചതോടെ റോഡുകളിൽ ഗതാഗതക്കുരുക്കും ഏറി. കുട്ടികൾ സ്‌കൂൾ ബസുകളെ ആശ്രയിക്കാതെ സ്വകാര്യവാഹനങ്ങളിൽ സ്‌കൂളിലെത്തുന്നതാണ് ഗതാഗതക്കുരുക്ക് വർധിക്കാൻ ഒരു പരിധിവരെ കാരണമാകുന്നുവെന്ന് റോഡ് സേഫ്റ്റി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചയാണ് സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടനനത്. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന ഷാർജ- ദുബായ് റോഡിൽ ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളെ സ്‌കൂളിൽ കൊണ്ടു വിടാനും മറ്റും രാവിലെയും വൈകിട്ടുമായി അനേകം സ്വകാര്യ വാഹനങ്ങളാണ് സ്‌കൂൾ പരിസരത്ത് എത്തുന്നത്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ ആയിരക്കണക്കിന് സ്‌കൂൾ വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങുന്നതിന് പുറമേ  കുട്ടികളെ വാഹനങ്ങളിൽ സ്‌കൂളിൽ അയയ്ക്കുന്നത് തിരക്ക് വർധിപ്പിക്കാൻ കാരണമാക്കുന്നുവെന്നും റോഡ് സേഫ്റ്റി വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വാഹനങ്ങളുടെ തിക്കും തിരക്കും വർധിക്കുന്നത് കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. കഴിവതും സ്‌കൂൾ ബസുകളെ ആശ്രയിച്ച് കുട്ടികളെ സ്‌കൂളിൽ അയയ്ക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്ന് നിർദേശമുണ്ട്. അവധിക്ക് നാട്ടിൽ പോയിരിക്കുന്നവർ തിരിച്ചെത്തുമ്പോൾ തിരക്ക് ഇതിലും ഏറെയാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2014 ൽ റോഡ് അപകടങ്ങളിൽ 18 വയസിൽ താഴെയുള്ള 55 കുട്ടികളാണ് മരിച്ചതെന്ന് വ്യക്തമാക്കുന്നു. ഗുരുതരമായ പരിക്കുകളേറ്റത് 572 യുവജനങ്ങൾക്കാണ്. രാജ്യത്ത് റോഡപകടങ്ങളിൽ 712 പേരാണ് കൊല്ലപ്പെട്ടത്.