ദുബായ്: സ്‌കൂളുകൾക്കു സമീപം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ കാരണക്കാരാകുന്നത് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവിടാനെത്തുന്ന മാതാപിതാക്കളുടെ വാഹനമാണെന്ന് ട്രാഫിക് അധികൃതർ. റോഡരുകിൽ കുട്ടികളെ ഇറക്കിവിടുന്ന പതിവ് ഉപേക്ഷിക്കണമെന്നും മാതാപിതാക്കളുടെ വാഹനം പാർക്ക് ചെയ്യാനുള്ള നിർദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം മാത്രം കുട്ടികളെ ഇറക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അൽ മനാരയിലെ ഒരു നഴ്സറിക്ക് സമീപമുള്ള ഗതാഗത തിരക്ക് പരിഗണിക്കവെയാണ് ദുബായ് പൊലീസിലെ ട്രാഫിക് വിഭാഗം മേധാവി മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സഫീൻ ഇക്കാര്യം നിർദ്ദേശിച്ചത്. സ്‌കൂളുകൾക്ക് സമീപം ധാരാളം പാർക്കിങ് ഏരിയകളുണ്ട്. എങ്കിലും രക്ഷിതാക്കളിൽ പലരും ദൂരം കുറയ്ക്കാൻ വേണ്ടി വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്യുന്നു. ഇത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ച് ഗതാഗത നിയമം ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷിതാക്കൾക്കായി സ്‌കൂളിന് പിറകിൽ പ്രവേശന കവാടം പണിയുന്നതാണ് ഉത്തമമെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ട്രാഫിക് വിഭാഗം മേധാവി ചൂണ്ടിക്കാട്ടി. റോഡരുകിൽ കുട്ടികളെ ഇറക്കുന്ന നടപടികൾ വലിയ അപകടങ്ങളിലേക്ക് നയിക്കാം. കുട്ടികളും രക്ഷിതാക്കളും റോഡ് മുറിച്ച് കടക്കരുതെന്നും നിർദ്ദേശമുണ്ട്.