സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ ഏകമകളും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സഹോദരിയുമായ ഹാസ ബിന്റ് സൽമാൻ രാജകുമാരിക്കെതിരെ ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പാരീസിലെ അപ്പാർട്ട്‌മെന്റിൽ കഴിയവെ, 2016-ൽ തന്റെ ബോഡിഗാർഡിനെക്കൊണ്ട് ജീവനക്കാരനെ മർദിപ്പിച്ച കേസിലാണ് അറസ്റ്റ് വാറണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ മൂത്ത സഹോദരിയാണ് 44-കാരിയായ ഹാസ രാജകുമാരി.

ഡിസംബർ അവസാനം തന്നെ ഇവർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. വെസ്‌റ്റേൺ പാരീസിലെ അവന്യൂ ഫോക്കിലാണ് ഹാസയുടെ ഫ്ളാറ്റ്. ഇവിടെ ഇവർ മിക്കവാറും വരാറുണ്ട്. സൽമാൻ രാജാവിന്റെ ഏക മകൾകൂടിയാണ് ഹാസ രാജുമാരി. 11 മക്കളാണ് അദ്ദേഹത്തിനുള്ളത്.

അപ്പാർട്ട്‌മെന്റിൽ അറ്റകുറ്റപ്പണിക്കുവന്നയാളെയാണ് ഹാസ തന്റെ അംഗരക്ഷകനെക്കൊണ്ട് മർദിപ്പിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു സംഭവം. ജോലിക്കിടെ മുറിയുടെ ഫോട്ടോയെടുത്തതാണ് ഹാസയെ പ്രകോപിപ്പിച്ചത്. ജോലിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഫോട്ടൊയെടുത്തതെന്ന് ഇയാൾ പറഞ്ഞെങ്കിലും മാധ്യമങ്ങൾക്ക് വിൽക്കുന്നതിനുവേണ്ടിയാണ് ഫോട്ടോ എടുത്തതെന്നാരോപിച്ച് മർദിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ പരാതിയിൽ പറയുന്നു.

തന്റെ കൈകൾ കെട്ടിയിട്ട് മർദിച്ചുവെന്നും തുടർന്ന് രാജകുമാരിയുടെ പാദത്തിൽ ഉമ്മവെപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മണിക്കൂറുകൾക്കുശേഷമാണ് അപ്പാർട്ട്‌മെന്റിൽനിന്ന് പോകാനായത്. ജോലിക്കായി കൊണ്ടുവന്ന സാമഗ്രികൾ രാജകുമാരി പിടിച്ചുവെക്കുകയും ചെയ്തു. ബോഡിഗാർഡിനെ 2016 ഒക്ടോബർ ഒന്നിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അപ്പാർട്ട്‌മെന്റിന്റെ ചിത്രമെടുത്തത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് ഇയാൾ കോടതിയിൽ ബോധിപ്പിച്ചു.