പാരിസ്: ഫ്രാൻസിൽ കത്തിപ്പടർന്ന് കൊണ്ടിരി്ക്കുന്ന യെല്ലോ വെസ്റ്റ് പ്രക്ഷോഭം പിടി വിട്ട് പടർന്നതോടെ രാജ്യത്തെ പ്രധാന സർക്കാർ മന്ദിരങ്ങൾക്ക് ചുറ്റും പ്രതിരോധം തീർക്കുന്നതിനായി രാസായുധങ്ങൾ വരെ കരുതിയാണ് പൊലീസ് മുന്നോട്ട് വന്നിരിക്കുന്നത്. പത്ത് സെക്കൻഡ് കൊണ്ട് കിലോമീറ്ററുകളോളം പുക വിടർത്തി കാഴ്ച നഷ്ടപ്പെടുത്തുന്ന പ്രതിരോധ മാർഗങ്ങളാണാണ് ഇത്തരത്തിൽ സജ്ജമാക്കിയിരിക്കുന്നത്.അതായത് പത്ത് സെക്കൻഡുകൾ കൊണ്ട് ആറ് ഫുട്ബോൾ പിച്ചുകളുടെ വലുപ്പിത്തിന് സമാനമായ ഇടത്ത് പുക പടർത്താൻ സാധിക്കുന്ന ഡെബിലിറ്റേറ്റിങ് പൗഡറാണ് സജ്ജമാക്കിയിരിക്കുന്നത്.

പ്രസിഡന്റ് ഇമാനുവേൽ മാർകോൺ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന യെല്ലോ വെസ്റ്റ് പ്രക്ഷോഭം അഞ്ച് ആഴ്ചകൾക്ക് ശേഷവും രാജ്യമാകമാനവും ശമിക്കാത്തതിനെ തുടർന്നാണ് പൊലീസ് കടുത്ത മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത 168 പേരെ പാരീസിൽ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നേരിടാൻ ഇതിന് മുമ്പ് ജലപീരങ്കികൾ, ലാത്തി, കണ്ണീർ വാതകം തുടങ്ങിയവയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും പ്രധാന മന്ദിരങ്ങളെ പ്രക്ഷോഭകരിൽ നിന്നും സംരക്ഷിക്കാൻ സാധിക്കില്ലെന്ന ആശങ്ക ശക്തമായതോടെയാണ് അവസാനം രാസായുധങ്ങൾ തന്നെ സജ്ജമാക്കിയിരിക്കുന്നത്.

പ്രക്ഷോഭകർ ആർക് ഡി ട്രിയോംഫെ അടക്കമുള്ള ദേശീയ സ്മാരകങ്ങൾ വികലമാക്കിയിരുന്നു. എളുപ്പം കാണാവുന്ന മഞ്ഞ വസ്ത്രം ധരിച്ച് പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നതിനാലാണ് ഇതിനെ യെല്ലോ വെസ്റ്റ് പ്രക്ഷോഭം എന്ന് വിളിക്കുന്നത്. നിലവിൽ രാസായുധ പ്രയോഗത്തിനായി 14 സായുധ കാറുകളാണ് സജ്ജമാക്കി വച്ചിരിക്കുന്നത്. അവസാനഘട്ടത്തിൽ ഗത്യന്തരമില്ലാത്ത അവസ്ഥയിൽ മാത്രമേ ഈ രാസായുധം ജനത്തിന് നേരെ പ്രയോഗിക്കുകയുള്ളുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇത്തരം സായുധ കാറുകളിലുള്ള തോക്ക് പോലുള്ള ഒരു ഉപകരണമാണ് ഈ പൗഡർ പത്ത് സെക്കൻഡുകൾക്കുള്ളിൽ 430,500 സ്‌ക്വയർ ഫീറ്റിൽ വിതറി പുക സൃഷ്ടിക്കുന്നത്. 200 ടിയർ ഗ്യാസ് ഗ്രനേഡുകളിൽ അടങ്ങിയിരിക്കുന്ന ശക്തിക്ക് തുല്യമായ ഉൽപന്നമാണിതിൽ അടങ്ങിയിരിക്കുന്നത്. അടിയന്തിര സന്ദർഭങ്ങളിൽ ജനത്തെ ഓടിച്ച് വിടാനാണിത് പ്രയോജനപ്പെടുത്തുന്നത്. വലിയതും ആക്രമണ സജ്ജരായതുമായ ജനക്കൂട്ടം സുരക്ഷകളെല്ലാം ഭേദിച്ച് വരുന്ന വേളയിലാണ് ഇത് പ്രയോഗിക്കേണ്ടി വരുകയെന്നാണ് പാരീസ് പൊലീസുമായി ബന്ധപ്പെട്ട ഒരു ഉറവിടം വെളിപ്പെടുത്തുന്നു. എന്നാൽ ഈ ആയുധത്തിന്റെ പ്രയോഗത്തിനെതിരെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സിവിക് റൈറ്റ് ഗ്രൂപ്പുകളും മോണിറ്ററിങ് ഓർഗനൈസേഷനുകളും മുന്നോട്ട് വന്നിട്ടുണ്ട്.

ഡീസലിനും ഗ്യാസിനും മേൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഡ്രൈവർമാർ തങ്ങളുടെ ഫ്ലൂറസന്റ് കളറിലുള്ള വസ്ത്രം ധരിച്ച് പ്രതിഷേധം ആരംഭിച്ചതോടെയാണ് പുതിയ കലാപത്തിന് യെല്ലോ വെസ്റ്റ് മൂവ്മെന്റ് എന്ന പേര് വീണത്. എന്നാൽ ഡ്രൈവർമാരുടെ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഏറ്റെടുക്കുകയും വരുമാന മന്ദിപ്പ്, വർധിക്കുന്ന ജീവിതച്ചെലവ്, മറ്റ് അസൗകര്യങ്ങൾ തുടങ്ങിയവക്കെതിരെ പ്രസിഡന്റിനോടുള്ള പൊതു പ്രതിഷേധമായി കത്തിപ്പടരുകയുമായിരുന്നു. പാരീസിൽ തുടങ്ങിയ കലാപം ഒരു വേള ബ്രസൽസിലേക്കും ആംസ്ട്രർ ഡാമിലേക്കും പടർന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.