പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവൽ മാർകോണിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം വീണ്ടും മൂർച്ഛിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രക്ഷോഭകാരികൾ പാരീസിലെ തെരുവുകളിൽ കാറുകളും വീടുകളും വരെ തീയിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കത്തിയെരിയുന്ന പാരീസിലെ പുകമറയ്ക്കുള്ളിൽ ഈഫൽ ടവർ പോലും മുങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് മാർകോണിന്റെ രാജിയില്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്നാണ് ഫ്രാൻസിൽ നിന്നുള്ള സൂചനകൾ വെളിപ്പെടുത്തുന്നത്. ഇന്നലെ രാവിലെ യെല്ലോ വെസ്റ്റ് പ്രതിഷേധക്കാർ റയട്ട് പൊലീസുമായി തുറന്ന പോരാട്ടത്തിലെത്തിയിരുന്നു. പ്രക്ഷോഭകാരികളെ പിരിച്ച് വിടുന്നതിനായി പൊലീസ് കണ്ണീർ വാതക പ്രയോഗം വരെ നടത്തിയിരുന്നു.

പടിഞ്ഞാറൻ ഫ്രാൻസിലെ നാന്റെസിലും കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ലിയോൺ, ബോർഡ്യൂക്സ്, ടൗലൗസ് എന്നിവിടങ്ങളിലേക്കും കലാപം വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണിപ്പോൾ. പാരീസിലെ തെരുവുകളിലും ഫ്രാൻസിലെ മറ്റ് നിരവധി തെരുവുകളിലും മാർകോണിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനത്ത് വരുന്ന അവസ്ഥയാണുള്ളത്. നിലവിൽ പ്രക്ഷോഭം ഏഴാമത്തെ വീക്കെൻഡിലേക്കാണ് കടക്കുന്നത്. ഇതിലേക്ക് നിരവധി പേർ വന്ന് ചേർന്ന് കൊണ്ടിരിക്കുന്നുമുണ്ട്. ഫ്രഞ്ച് ഗവൺമെന്റിന്റെ നികുതി നയത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് തുടർച്ചയായി ഏഴാമത്തെ ആഴ്ചയിലും കലാപം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

തിളങ്ങുന്ന മഞ്ഞ വസ്ത്രം ധരിച്ച നിരവധി പ്രതിഷേധക്കാർ ഫ്രാൻസിലെ ടെലിവിഷനുകളുടെയും ബിഎഫ്എം ടിവി ചാനലിന്റെയും ഓഫീസുകൾക്ക് അടുത്ത് തടിച്ച് കൂടുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. ട്രാം ലൈനുകളിലേക്കും മറ്റു പ്രതിഷേധക്കാർ കുത്തിയിരിക്കാനും ആക്രമണങ്ങൾ അഴിച്ച് വിടാനും തുടങ്ങിയപ്പോൾ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡുകളും കൊണ്ടാണ് അവരെ നേരിട്ടിരിക്കുന്നത്.നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മാർകോൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിലെ തെക്കൻ നഗരമായ മാർസെയ്ല്ലെയിൽ 900 പ്രതിഷേധക്കാരായിരുന്നു ഇരമ്പിയെത്തിയിരുന്നത്.

എന്നാൽ അതിനിടെ പ്രക്ഷോഭത്തിനുള്ള ജനപിന്തുണ കുറഞ്ഞ് വരുന്നുവോയെന്ന ആശങ്കയും ശക്തമാണ് ഇത് പ്രകാരം ഡിസംബർ 22ന് 38,600 പേർ മാത്രമാണ് പ്രതിഷേധത്തിനിറങ്ങിയിരുന്നത്. എന്നാൽ നവംബർ 17ന് ആദ്യം പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ 282,000 പേർ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. ഹോളിഡേ കാരണമാണ് ഇത്തരത്തിൽ ആളുകൾ കുറഞ്ഞതെന്നും ജനുവരിയിൽ പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്. മാർകോൺ ഇന്ധനനികുതി പരിധി വിട്ടുയർത്തിയതാണ് പ്രതിഷേധത്തിന് പ്രധാന കാരണമായി വർത്തിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഫ്രാൻസിലെ ഗ്രാമീണപ്രദേശങ്ങളിലും ചെറിയ ടൗണുകളിലും വരെ ജീവിതച്ചെലവേറിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.