കൊച്ചി: 130 പേർ കൊല്ലപ്പെട്ട 2015ലെ പാരിസ് ഭീകരാക്രമണ കേസിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയിൽ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്ദീനെ ഫ്രഞ്ച് പൊലീസ് സംഘം വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യൽ തുടങ്ങി. വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി, ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിൽ അറസ്റ്റിലായ സുബഹാനിയിൽ നിന്ന് എൻ ഐ എയ്ക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

പാരിസ് ഭീകരാക്രമണക്കേസിൽ അന്വേഷണം നടത്താനായി 3 ദിവസം ഇന്ത്യയിൽ തങ്ങാനുള്ള അനുവാദമാണു വിദേശമന്ത്രാലയം വഴി ഫ്രഞ്ച് പൊലീസ് സേന തേടിയത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുന്നുണ്ട്. ആവശ്യം വന്നാൽ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച വരെ തുടരും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ സഹകരണത്തോടെയാണ് ചോദ്യം ചെയ്യൽ. സിറിയയിലെ പോർമുഖത്തു സഹപോരാളി കൺമുന്നിൽ ജീവനോടെ കത്തുന്നതു കണ്ടു ഭയന്നാണു സുബഹാനി ഇന്ത്യയിലേക്കു മടങ്ങാൻ തീരുമാനിച്ചത്. ഇതറിഞ്ഞ ഭീകരസംഘടന ഇയാളെ സിറിയയിൽ തടവിലാക്കി. ഇന്ത്യയിലെത്തിയാലും ഭീകരപ്രവർത്തനം തുടരണമെന്ന ഉപാധിയോടെ ഒടുവിൽ മോചിപ്പിക്കുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്.

സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവർക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണവുമായി സഹകരിക്കാൻ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എൻ.ഐ.എയോട് ആവശ്യപ്പെട്ടത്. കണ്ണൂർ കനകമലയിൽ നിന്നും അക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഇറാഖിലെ മൊസൂളിൽ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. കൂടാതെ ഇയാളുടെ കമാൻഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ട് പേർ കാണാൻ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടർന്ന് എൻ.ഐ.എ ഇക്കാര്യം ഫ്രാൻസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഫ്രാൻസിലെ അന്വേഷണ ഉദ്യോഗസ്ഥർ എൻ.ഐ.എ ആസ്ഥാനത്തെത്തി സുബ്ഹാനിക്ക് ചില ഫോട്ടോകൾ കാണിച്ചപ്പോൾ അവരെ സുബ്ഹാനി തിരിച്ചറിയുകയും ചെയ്തിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യ യോഗം ചേർന്ന കേസിൽ അറസ്റ്റിലായ സുബ്ഹാനി ഇപ്പോൾ വിചാരണ തടവുകാരനാണ്. പാരിസ് അക്രമണക്കേസിൽ അബ്ദുൽസലാമിനു പുറമെ അബ്ദുൽ ഹമീദ്, മുഹമ്മദ് ഉസ്മാൻ എന്നിവർക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ. പറയുന്നത്. 2016 ഒക്ടോബർ രണ്ടിന് കണ്ണൂർ, കനകമലയിൽ ഐ.എസ് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. ഭക്ഷണത്തിൽ വിഷം കലർത്തിയും റെയിൽ പാളം തെറ്റിച്ചും അമുസ്ലിംങ്ങളെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി കഴിഞ്ഞ മാസം അബ്ദുൽ റാഷിദ് അബ്ദുള്ള രംഗത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളികളുടെ നേതാവാണ് കാസർകോട്ടുകാരൻ അബ്ദുൽ റാഷിദ്. റാഷിദിന്റെ ശബ്ദസന്ദേശം ശരിവെയ്ക്കും തരത്തിലാണ് നേരത്തെ അറസ്റ്റിലായ കനകമല ടീം നീക്കം നടത്തിയിരുന്നുവെന്നതാണ് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നത്. മുസ്ലിംങ്ങളല്ലാത്തവരോട് യുദ്ധം പ്രഖ്യാപിക്കണമെന്നും ഇവരെ ഏതു വിധേനയും കൊലപ്പെടുത്തണമെന്നുമാണ് ആഗോള ഭീകരവാദ സംഘടനയായ ഐ.എസിന്റെ വാദം. ഈ ആശയത്തെ പിൻതുടർന്നാണ് വിഷ പ്രയോഗം അടക്കമുള്ളവ ഐ.എസ് നടത്തുന്നതെന്നാണ് നിരീക്ഷിക്കുന്നത്.

2015 നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാൻ മലയാളിയായ ഷൗക്കത്തലി ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയിരുന്നു്. കേസ് അന്വേഷണത്തിനു ഫ്രഞ്ച് അന്വേഷണസംഘം എൻഐഎയുടെ സഹായം തേടുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ കോയമ്പത്തൂരിൽനിന്നു എൻഐഎ അറസ്റ്റ് ചെയ്ത സുബഹാനി തിരിച്ചറിഞ്ഞിരുന്നു. ഇറാഖിലെത്തിയ സുബഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരർക്കൊപ്പമായിരുന്നു. 2015 നവംബറിൽ പാരിസിലെ തിയറ്ററിൽ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുൽ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബഹാനി എൻഐഎയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

ഐസിസിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്തിയത് മലയാളിയും എൻഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളിൽ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയിൽ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാർ കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയാണ് എൻഐഎയുടെ പ്രധാന ലക്ഷ്യം. പാരീസിലെ ഭീകരന് ഇതു സംബന്ധിച്ച് പല നിർണ്ണായക വിവരങ്ങളും അറിയാം. ഇത് കണ്ടെത്തി ഐസിന്റെ ഉന്മൂലനാണ് എൻഐഎ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയാണ് അവർ പാരീസിലെത്തിയത്.

ഐഎസ് അനുഭാവികൾ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് വ്യക്തമായ പദ്ധതികളോടെയായിരുന്നു. സമീർ അലിയെന്ന വ്യാജപേരുള്ള കണ്ണൂർ സ്വദേശി മൻസീദായിരുന്നു സംഘത്തലവൻ. ഈ ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ട എൻ.ഐ.എ തന്ത്രപൂർവ്വം അപേക്ഷ നൽകി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളിൽ സമീർ അലിയെന്ന മൻസീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാർത്ഥ്യമായത്. മലയുടെ പ്രത്യേകതകൾ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നിൽ നിന്നപ്പോൾ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എൻഐഎയിൽ എത്തിയത്. ഷൗക്കത്തലിയും കൂട്ടരും പാരീസിൽ നടത്തിയ അന്വേഷണങ്ങളുടെ തുടർച്ചയും വിവരങ്ങൾ സ്ഥിരീകരിക്കാനുമാണ് ഫ്രഞ്ച് സംഘത്തിന്റെ കേരളത്തിലേക്കുള്ള വരവ്.

ദക്ഷിണേന്ത്യയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് രൂപീകരിച്ച 'അൻസാറുൽ ഖിലാഫ കേരള' യുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ നടത്തിയിരുന്നത്. കണ്ണൂർ സ്വദേശി മൻസീദ് എന്ന മൻസി ബുറാഖ്, കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത്, മുജീബുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിൽ ഐ.എസ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തി യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങിയ മലയാളിയായ സുബ്ഹാനി ഹാജക്കെതിരെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.