അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ആണ്ടു തിരുനാൾ  പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുകയുണ്ടായി. എട്ടാം തീയതി വൈകിട്ട് ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിൽ തിരുനാളിന് കൊടിയേറ്റുകയും തുടർന്ന് ഫാ. ലല്ലു കൈതാരവുമായി ചേർന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും നടത്തുകയുണ്ടായി. പുതുതായി പണികഴിപ്പിച്ച കുരിശടിയുടെ വെഞ്ചരിപ്പും നടത്തപ്പെട്ടു.

തിരുനാളിന്റെ രണ്ടാം ദിവസം വൈകുന്നേരം 5 മണിക്ക് ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യകാർമികത്വത്തിൽ റാസബലി അർപ്പിക്കുകയുണ്ടായി. റാസയിൽ ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിൽ, ഫാ. ജോസഫ് കല്ലിടാന്തിയിൽ, ഫാ. ജോസഫ് പൊറ്റമ്മേൽ, ഫാ. മാത്യു ഇളയിടത്തുമഠം തുടങ്ങിയവർ സഹകാർമികരായിരുന്നു. തുടർന്ന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയുള്ള പ്രദക്ഷിണവും നടത്തപ്പെട്ടു. കോളജ് വിദ്യാർത്ഥികളും, കെ.സി.വൈ.എൽ കുട്ടികളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ തിരുനാളിന് കൊഴുപ്പേകി. തുടർന്ന് സ്‌നേഹവിരുന്നോടെ രണ്ടാം ദിവസത്തെ പരിപാടികൾ സമാപിച്ചു.

മൂന്നാം ദിവസം രാവിലെ 10 മണിക്ക് ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. ഡൊമിനിക്കും ചേർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് പ്രദക്ഷിണവും, തിരുനാളിന്റെ വാഴ്‌വും നടത്തപ്പെട്ടു. കഴുന്ന് എടുക്കാനുള്ള സൗകര്യവും ഭക്തജനങ്ങൾക്ക് നൽകിയിരുന്നു. കൂടാര യോഗങ്ങളുടെ അടിസ്ഥാനത്തിൽ കലാപരിപാടികളും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

അറ്റ്‌ലാന്റയിലെ കൂടാരയോഗങ്ങളിൽ ഒന്നായ ലോറൻസ് വിൽ കൂടാരയോഗത്തില്പെട്ട 16 കുടുംബങ്ങളാണ് ഈവർഷത്തെ തിരുനാളിന്റെ പ്രസുദേന്തിമാരായി പ്രവർത്തിച്ചത്. പാരീഷ് കൗൺസിലിനൊപ്പം പ്രസുദേന്തിമാരും ഒത്തുചേർന്ന് പ്രവർത്തിച്ചപ്പോൾ അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാൾ ഏവർക്കും മറക്കാനാവാത്ത ഒരു അനുഭവമായി മാറി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.