ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിലെ പ്രധാന തിരുനാൾ ഈവർഷവും ഭക്ത്യാദരപൂർവ്വം കൊണ്ടാടി. തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട നവനാൾ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഈവർഷത്തെ ആഘോഷങ്ങളെ ഭക്തിനിർഭരമാക്കി. സഭയുടെ വൈവിധ്യമാർന്ന ആത്മീയ പാരമ്പര്യങ്ങളെ വിശ്വാസികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിവിധ റീത്തുകളിലുള്ള ദിവ്യബലിയർപ്പണവും തിരുനാളിന്റെ ഭാഗമായി നടന്നു.

ഫീനിക്‌സ് ഔവർ ലേഡി ഓഫ് ചർച്ച് വികാരി ഫാ. ജെസ്സെ ടി. ഐ ലത്തീൻ റീത്തിൽ ദിവ്യബലിയർപ്പിച്ച് തിരുനാൾ സന്ദേശം നൽകി. വേസ്പര തിരുനാൾ ദിനത്തിൽ സന്താനാ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കുടിയുടെ മുഖ്യകാർമികത്വത്തിലാണ് തിരുനാൾ ദിവ്യബലിയർപ്പിച്ചത്. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മുൻ വികാരി ജനറാൾ ഫാ. ആന്റണി തുണ്ടത്തിൽ പ്രധാന തിരുനാൾ ദിവസം കുർബാനയർപ്പിച്ച് സന്ദേശം നൽകി. സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ പുരോഗതിക്ക് കുടുംബത്തിന്റെ പ്രധാന്യം വളരെയേറയാണ്. ത്രിതൈ്വക ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന് കുടുംബജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ ക്രൈസ്തവീകമായ കടമയുണ്ടെന്നും ഫാ. ആന്റണി ഓർമ്മപ്പെടുത്തി. ഈ ലക്ഷ്യം മുൻനിർത്തിയാണ് 2015- കുടുംബ വർഷമായി ഷിക്കാഗോ സീറോ മലബാർ രൂപത ആചരിക്കുന്നത്.

പൊന്നിൻകുരിശുകളുടേയും, മുത്തുക്കുടകളുടേയും മധ്യത്തിലൂടെ, ചെണ്ടമേളങ്ങളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് നടന്ന തിരുനാൾ പ്രദക്ഷിണം, നേർച്ച വിളമ്പ് തുടങ്ങിയ തിരുകർമ്മങ്ങൾ കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തനിമ നിലനിർത്തുന്നതായി. ഈവർഷത്തെ തിരുനാൾ ആഘോഷങ്ങൾ ഏറ്റെടുത്ത് നടത്തിയത് സണ്ണി കണ്ടത്തിലും കുടുംബവുമാണ്. ഇടവകയിലെ വിവിധ പ്രാർത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭക്തസംഘടനകളുടേയും വിവിധ വാർഡുകളുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലഘുഭക്ഷണശാലകളും ഭക്തസാധനങ്ങളുടെ വിൽപ്പന സ്റ്റോളുകളും മലയാള ക്രൈസ്തവന്റെ പരമ്പരാഗത തിരുനാളുത്സവങ്ങളുടെ ഗൃഹാതുരത്വമുണർത്തുന്നതായി. തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്ത് നേർച്ചകാഴ്ചകൾ സമർപ്പിച്ച് അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാ ഭക്തജനങ്ങൾക്കും വികാരി ഫാ മാത്യു മുഞ്ഞനാട്ട് തിരുനാൾ ആശംസകൾ അർപ്പിച്ചു.

പള്ളി കൈക്കാരന്മാരായ റ്റോമി സിറിയക്, അശോക് പാട്രിക് എന്നിവർ തിരുനാൾ ആഘോഷങ്ങളുടെ മുഖ്യസംഘാടകരായിരുന്നു. എട്ടാമിടത്തോടനുബന്ധിച്ച് നടന്ന കൊടിയിറക്കത്തിരുന്നാളിന് ഫീനിക്‌സ് രൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ എഡ്വേർഡോ നവാരസ് മുഖ്യകാർമികത്വം വഹിച്ചതും ഈവർഷത്തെ തിരുനാളാഘോഷങ്ങളെ കൂടുതൽ ആത്മീയമുള്ളതാക്കി. മാത്യു ജോസ് കുര്യംപറമ്പിൽ അറിയിച്ചതാണിത്.