- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് മോഷ്ടിക്കപ്പെട്ട ഏഴുലക്ഷം വിലമതിപ്പുള്ള മെഡിക്കൽ ഉപകരണം ഉപേക്ഷിച്ച നിലയിൽ; മോഷണ മുതൽ തിരികെ എത്തിയത് പൊലീസ് അന്വേഷണം പുരോഗമിക്കവേ
കണ്ണൂർ: പരിയാരത്തെ ഇ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മോഷണം പോയ മെഡിക്കൽ ഉപകരണം മുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ കേസിൽ പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മെഡിക്കൽ ഉപകരണം രണ്ടുമാസത്തിന് ശേഷം മോഷ്ടാവ് തന്നെ ആരുമറിയാതെ തിരികെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
ഈക്കഴിഞ്ഞ ജൂൺ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമിൽ സൂക്ഷിച്ചിരുന്ന ഓപ്പറേഷനുമായി ബന്ധപ്പെട്ട വിഡിയോലാറൻജസ്‌കോപ്പിയെന്ന ഉപകരണമാണ് മോഷണം പോയത്. മെഡിക്കൽ കോളജ് കെട്ടിടത്തിലെ ആറാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്നതാണ്. താക്കോൽ ഓപ്പറേഷൻ തിയേറ്ററിലെ സീക്രട്ട് ബോക്സിലാണ് സൂക്ഷിച്ചിരുന്നത്.
പി.ജി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഇവിടെ യഥാസമയവും ഉണ്ടാകാറുണ്ട്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇത് പൊലീസ് അന്വേഷണത്തിന് തടസമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ പരിയാരം ഇൻസ്പെക്ടർ കെ.വി ബാബു കസ്റ്റഡിയിലെടുത്ത ഉപകരണം ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കാൻ നീക്കം തുടങ്ങി.
വിരലടയാള വിദഗ്ദരുടെ സഹായത്തോടെ കേസന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈതരത്തിൽ നിരന്തരം വിവാദസംഭവങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക പൊലിസ് സംഘം പരിയാരത്തെത്തി അന്വേഷണം നടത്തി.
മറുനാടന് മലയാളി ബ്യൂറോ