സാഹസികാനുഭവങ്ങൾ തേടുന്ന സഞ്ചാരികൾക്കിതാ ഒരു സന്തോഷവാർത്ത. യുഎഇയിലെ തന്നെ ആദ്യത്തെ ഓഫ്‌റോഡ് അഡ്വഞ്ചർ പാർക്കായ 'എക്‌സ് ക്വാറി', ഈ ആഴ്ച ഷാർജ മെലീഹയിൽ പ്രവർത്തനമാരംഭിക്കും. ഓഫ് റോഡ് ട്രാക്ക്, ട്രെക്കിങ്, റിമോട്ട് കാർ റേസ്, മൗണ്ടയിൻ ബൈക്കിങ്, ഹൈക്കിങ് തുടങ്ങി, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പാകത്തിലുള്ള വേറിട്ടതും സാഹസികത നിറഞ്ഞതുമായ ധാരാളം വിശേഷങ്ങൾ 'എക്‌സ് ക്വാറി ഓഫ് റോഡ് അഡ്വഞ്ചർ പാർക്കി'ലുണ്ടാവും. ഫെബ്രുവരി അഞ്ചിനാണ് പാർക്കിന്റെ ഉദ്ഘാടനം.

ഷാർജ മെലീഹ മരുഭൂമിയിൽ ഒരു ദശലക്ഷം സ്‌ക്വയർ മീറ്ററിലാണ് പാർക്കൊരുക്കിയിട്ടുള്ളത്. പതിനഞ്ച് കിലോമീറ്റർ നീളമുള്ള തകർപ്പൻ ഓഫ് റോഡ് ട്രാക്കാണ് പ്രധാന ആകർഷണം. കല്ലുകളും പാറക്കെട്ടും ചെളിയുമെല്ലാമുള്ള ഈ ദൂരത്തിൽ മറികടക്കാൻ ഇരുപത് പ്രതിബന്ധങ്ങളുമുണ്ടാവും. മനോഹരമായ മണൽപരപ്പിലാണ് പാർക്കെന്നുള്ളതുകൊണ്ട്, വേണമെങ്കിൽ ഡെസേർട്ട് സഫാരിയും ആസ്വദിക്കാം. ഇതിന് പുറമേ മലനിരകൾക്കിടയിലൂടെ പത്ത് കിലോമീറ്റർ നീളമുള്ള മൗണ്ടയിൻ ബൈക്കിങ് ട്രാക്ക്, കുന്ന് കീഴടക്കാനുള്ള ട്രക്കിങ്, ഹൈക്കിങ് എന്നിങ്ങനെ വേറെയും വിശേഷങ്ങളുണ്ട്.

രണ്ടു കിലോമീറ്റർ നീളമുള്ള ഒബ്സ്റ്റക്കിൾ റൺ ട്രാക്കും ഹരം പകരും. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന റിമോട്ട് കാർ മത്സരയോട്ടങ്ങൾക്കായൊരു പ്രത്യേക ട്രാക്ക് തന്നെ എക്‌സ് ക്വാറിയിൽ തയാറാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന സാഹസികാനുഭവങ്ങൾ സമ്മേളിക്കുന്ന യുഎഇയിലെ തന്നെ ആദ്യത്തെ പാർക്കാണ് എക്‌സ് ക്വാറി.

ഷാർജ നിക്ഷേപവികസന വകുപ്പിന്റെയും (ഷുറൂഖ്) മെലീഹ ആർക്കിയോളജി സെന്ററിന്റെയും പ്രത്യേക പങ്കാളിത്തത്തോടെയാണ് പാർക്ക് പ്രവർത്തിക്കുന്നത്. 'യുഎഇയിൽ തന്നെ ആദ്യമായി ഇത്തരമൊരു സഞ്ചാരാനുഭവം ഒരുക്കാനായതിൽ ഏറെ സന്തോഷമുണ്ട്. സാഹസികത തേടുന്ന സഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്ന അനുഭവമാകും എക്‌സ് ക്വാറി ഓഫ് റോഡ് അഡ്വഞ്ചർ പാർക്ക്. വേറിട്ടതും വൈവിധ്യമാർന്നതുമായ ധാരാളം വിശേഷങ്ങൾ മനോഹരമായ മെലീഹ മരുഭൂമിയുടെ പശ്ചാത്തലത്തിൽ തയാറായിട്ടുണ്ട്. ചരിത്രകാഴ്ചകൾക്കും മരുഭൂ കാഴ്ചകൾക്കും വിശേഷങ്ങൾക്കും പ്രസിദ്ധമായ മെലീഹ സന്ദർശിക്കാൻ പുതിയൊരു കാരണം കൂടിയായി മാറുന്നു എക്‌സ് ക്വാറി' - ഷുറൂഖ് ചീഫ് ഓപറേറ്റിങ് ഓഫിസർ അഹമ്മദ് അൽ ഖസീർ പറഞ്ഞു.

'ഓഫ് റോഡ് അനുഭവങ്ങൾ തേടുന്നവർക്ക് എല്ലാ സാങ്കേതിക വിന്യാസത്തിന്റെയും സഹായത്തോടെ, സുരക്ഷിതമായി അതനുഭവിക്കാനുള്ള അവസരമാണ് എക്‌സ് ക്വാറിയിൽ ഒരുങ്ങുന്നത്. ഫോർ വീൽ ഡ്രൈവിങ്ങ് കൂടുതൽ മനസ്സിലാക്കാനും പരിശീലിക്കാനുമാവും. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ പാകത്തിലാണ് ഓരോന്നും ക്രമീകരിച്ചിരിക്കുന്നത്. യുഎഇയിൽ ഇത്തരമൊരു സഞ്ചാരാനുഭവം അവതരിപ്പിക്കാനായതിൽ ഏറെ അഭിമാനമുണ്ട്. ഷാർജ നിക്ഷേപവികസന വകുപ്പിന്റെയും (ഷുറൂഖ്) മെലീഹയുടെയും പിന്തുണ ഏറെ നിർണായകമായി'- എക്‌സ് ക്വാറി അഡ്വഞ്ചർ പാർക്കിന്റെ മാനേജിങ് പാർട്ണറായ ഡാനിയൽ ബർകോഫർ പറഞ്ഞു.

ആഴ്ചാവസാനങ്ങളിൽ പ്രവർത്തിക്കുന്ന പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 5, 6 ദിവസങ്ങൾ സൗജന്യ നിരക്കോടെയാവും പാർക്കിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി എക്‌സ് ക്വാറി പാർക്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാം - www.xquarry.com