ഷാർജ: അലക്ഷ്യമായി കാർ പാർക്ക് ചെയ്യുന്നവരേയും പൊടി പിടിച്ച വാഹനങ്ങൾ ഇട്ടിട്ടുപോകുന്നവരേയും പിടികൂടാൻ ഷാർജ മുനിസിപ്പാലിറ്റി. കാർ പാർക്കിങ് സംവിധാനത്തിൽ കൂടുതൽ ശ്രദ്ധയൂന്നി പദ്ധതികൾ നടപ്പാക്കുന്ന മുനിസിപ്പാലിറ്റി  ശരിയായ രീതിയിൽ വാഹനം പാർക്ക് ചെയ്യാത്തവരിൽ നിന്ന് 500 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാട്ടിൽ പോകുന്നതിന് മുമ്പ് എവിടെയെങ്കിലും സ്വസ്ഥമായി വാഹനം പാർക്ക് ചെയ്തിട്ടു പോകുന്നവർ തിരിച്ചെത്തുമ്പോൾ അവിടെ വാഹനം കണ്ടെന്നു തന്നെ വരില്ല. അമിതമായി പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും മുനിസിപ്പാലിറ്റി ഉത്തരവിറക്കി കഴിഞ്ഞു. അനധികൃതമായ സ്ഥലങ്ങളിലും ഗതാഗതത്തിന് തടസം വരുത്തുന്ന രീതിയിലും മറ്റും വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ ഷാർജ മുനിസിപ്പാലിറ്റി തയാറാക്കഴിഞ്ഞു.

റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ, കമേഴ്‌സ്യൽ മേഖലകളായി തിരിച്ചാണ് പാർക്കിങ് ഫൈൻ ഈടാക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുള്ളത്. റെസിഡൻഷ്യൽ മേഖലകളിൽ അലക്ഷ്യമായി പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ ആദ്യഘട്ടമെന്ന നിലയിൽ നോട്ടീസ് പതിപ്പിക്കുകയാണ് ചെയ്യുക. ഒരാഴ്ച കഴിഞ്ഞിട്ടും വാഹനം നീക്കം ചെയ്യാത്ത പക്ഷം അധികൃതർ വാഹനം കണ്ടുകെട്ടും. കമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിൽ നോട്ടീസ് സമയം 48 മണിക്കൂറാണ്.

ഷാർജയിലാകമാനം 200 സ്വാകര്യ പാർക്കിങ് ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് വളരെ താങ്ങാവുന്ന തരത്തിലാണ് ഇവയുടെ ഫീസ് എന്നും ഈ സൗകര്യം ഏവരും പ്രയോജനപ്പെടുത്തണണെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കുന്നു.