- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു; ഒപ്പം കർശന നിർദ്ദേശങ്ങളും; ഇലക്ട്രോണിക് പേമെന്റ് നടത്താനും നിർദ്ദേശം
അബുദാബിയിൽ കോവിഡ് സംബന്ധിച്ച ഇടവേളയ്ക്കു ശേഷം വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു. കർശന മാർഗനിർദേശങ്ങളുമായാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഈ സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
വാലറ്റ് പാർക്കിങ് ജീവനക്കാർ ഓരോ വാഹനവും പാർക്ക് ചെയ്ത ശേഷം കൈ കഴുകുകയും ശുചീകരിക്കുകയും വേണം. വാലറ്റ് പാർക്കിങ് ജോലിയിൽ ഏർപ്പെടുന്നവർക്ക് കോവിഡ്-19 പരിശോധന നിർബന്ധമാണ്. ജീവനക്കാർ സ്ഥിരമായി ശരീരോഷ്മാവ് പരിശോധന നടത്തണം. മാത്രമല്ല, മാസ്‌കും കൈയുറകളും ധരിക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുമ്പ് സീറ്റും സ്റ്റിയറിങ് വീലും മൂടുകയും വേണം.
കാർ സ്വീകരിക്കുന്നതിനുമുമ്പ് സന്ദർശകരുടെ താപനിലയും പരിശോധിക്കേണ്ടതാണ്. സന്ദർശകർക്കോ ഉപഭോക്താക്കൾക്കോ കോവിഡ് രോഗലക്ഷണം ബോധ്യപ്പെട്ടാൽ വാലറ്റ് പാർക്കിങ് സേവനം നൽകാതിരിക്കാനുള്ള അവകാശം ജീവനക്കാർക്കുണ്ട്. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശകർക്കും ഉപയോക്താക്കൾക്കുമാണ് വീണ്ടും വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്.
സന്ദർശന സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും പൊതുസ്ഥലങ്ങളിൽ വാലറ്റ് പാർക്കിങ്ങിനു പണമടക്കാനുള്ള ഇലക്ട്രോണിക് പേമെന്റ് സൗകര്യം സജ്ജമാക്കുകയും വേണം. സാധ്യമാകുമ്പോഴെല്ലാം ഇലക്ട്രോണിക് പേമെന്റ് രീതികൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും പ്രത്യേകം നിർദേശിച്ചു. വാലറ്റ് പാർക്കിങ് ജീവനക്കാരും ഉപയോക്താക്കളും രണ്ട് മീറ്റർ അകലം പാലിക്കണം. സാമൂഹിക അകലം ഓർമപ്പെടുത്തുന്ന അടയാളങ്ങൾ പ്രധാന മേഖലകളിലും സൗകര്യങ്ങളിലും സ്ഥാപിക്കണം.