ഹ്‌റൈനിൽ ആരാധനാലയങ്ങൾക്കു മുന്നിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നിയമ ലംഘകരിൽ നിന്നും പിഴ ഈടാക്കുന്നത് അധികൃതർ പരിഗണിക്കുന്നു. പള്ളിയിലും ചർച്ചിലും പോകുന്നവർ വളരെയധികം അശ്രദ്ധയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വെള്ളിയാഴ്ച ദിനങ്ങളിൽ വൻതോതിൽ ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ ലംഘകരിൽ നിന്നും പിഴ ഈടാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കുന്നത്.

കൂടാതെ വീടുകൾക്കു മുന്നിലും പാർക്ക് ചെയ്യുന്നത് വർധിച്ചതിനാൽ താമസക്കാരുടെ നേതൃത്വത്തിൽ കാപിറ്റൽ ട്രസ്റ്റീസ് ബോർഡിന് പരാതി നൽകുകയും ചെയ്്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. നിലവിൽ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ട്രാഫിക് പിഴയിൽ ഇളവുകൾ ഉള്ളതിനാൽ ഇതൊരു തടസമായി നിലനിൽക്കുന്നുണ്ട്.

ആരാധനാലയങ്ങൾക്കു മുന്നിലെ അശ്രദ്ധയോടെയുള്ള പാർക്കിങ് മൂലം ഗതാഗത തടസവും സമയ നഷ്ടവും ഉണ്ടാകുന്നു. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിൽ പുതിയ നടപടിയെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. കാരണം, മറ്റുള്ളവരെ പരിഗണിക്കാതെയുള്ള പാർക്കിങ് തെറ്റായ മനോനില മൂലമാണ് സംഭവിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ക്രിസ്ത്യൻ ചർച്ചുകളുടെ സമീപത്ത് ആവശ്യത്തിന് കാർ പാർക്കിങ് സൗകര്യമില്ലാത്ത അവസ്ഥ ഇപ്പോഴുണ്ട്. എല്ലാ ക്രിസ്ത്യൻ സഭകൾക്കും അവാലിയിൽ ഹമദ് രാജാവ് നൽകിയ സ്ഥലത്ത് ആരാധനാ കേന്ദ്രമുണ്ടാകുമ്പോൾ ഇതിന് പരിഹാരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.