ശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്തില്ലെങ്കിൽ കീശ കാലിയാകുന്നത് ഏതു വഴിയാണെന്ന് അറിയില്ല. മസ്‌കത്ത് നഗരസഭ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഇത്തരത്തിൽ പണം പോകുന്ന നിർദ്ദേശങ്ങളാണുള്ളത്. വിവിധ നിയമലംഘനങ്ങൾക്ക് അഞ്ഞൂറ് റിയാൽ വരെ പിഴയും നിയമം ലംഘിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ സംഖ്യ ഇരട്ടിയാക്കാനുമാണ് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

മസ്‌കത്ത് നഗരസഭാ ചെയർമാൻ മൊഹ്‌സെൻ ബിൻ മുഹമ്മദ് ബിൻ അലി അൽ ശൈഖ് ആണ് ഉത്തരവ് പുറത്തിറക്കിയത്. വാഹന പാർക്കിങ് സംബന്ധിച്ചുള്ള പിഴകൾക്കാണ് ഉത്തരവിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് വാഹനം വിൽക്കാനുണ്ട് എന്ന സ്റ്റിക്കർ പതിച്ച് പൊതു പാർക്കിങ് സ്ഥലങ്ങളിലും നടപ്പാതകളിലും വാഹനങ്ങൾ നിർത്തിയിടുന്നവരാണ് ഏറ്റവുമധികം പിഴ നൽകേണ്ടി വരുക. ഇവരിൽ നിന്ന് അഞ്ഞൂറ് റിയാൽ വീതമാകും പിഴ ചുമത്തുകയെന്നാണ് മസ്‌കത്ത് നഗരസഭ അറിയിച്ചിരിക്കുന്നത്. കൂടാതെ, മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകുന്ന വിധത്തിൽ പൊതു സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരും റോഡ് ഷോൾഡറുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നവരും പത്ത് റിയാലാണ് പിഴ നൽകേണ്ടി വരിക.

വികലാംഗർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമിടുന്നവരിൽ നിന്ന് ഇരുപത് റിയാൽ പിഴ ചുമത്തും. ബസ് സ്റ്റോപ്പുകളിലും ടാക്‌സി പാർക്കിങ് ഏരിയകളിലും ആംബുലൻസുകൾക്കായി നിശ്ചയിച്ച സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നവർ നൂറ് റിയാൽ വീതം പിഴ അടക്കേണ്ടി വരും. നഗരസഭ പാർക്കിങ് കേന്ദ്രങ്ങളിലെ ഫീസ് മണിക്കൂറിന് നൂറ് ബൈസയായിരുന്നത് 200 ബൈസയായും വർധിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് മസ്‌കത് നഗരസഭാ പാർക്കിങ് ഫീസ് നൂറ് ബൈസയിൽ നിന്ന് വർധിപ്പിക്കുന്നത്. പാർക്കിങ് ഫീസ് നൽകാത്തവർക്കുള്ള പിഴയിലും വർധന വരുത്തിയിട്ടുണ്ട്.