ദോഹ: പൊതു പാർക്കിങ് സ്ഥലങ്ങൾ സ്വകാര്യആവശ്യത്തിന് വേണ്ടി ബുക്ക് ചെയ്ത് ഉപയോഗിക്കുന്നവർക്കെതിരെ നടപടി വരുന്നു. ഷോപ്പുകൾക്കും കെട്ടിടങ്ങൾക്കും മുമ്പിൽ മരത്തടി, ടയറുകൾ, കല്ലുകൾ, കസേര തുടങ്ങിയവ വച്ച് പാർക്കിങ് ബുക്ക് ചെയ്യുന്നത് നിയമവിരുദ്ധമെന്ന് മീഡിയ ട്രാഫിക് ബോധവത്കരണ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് റാളി അൽ ഹജ്‌രി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 300 ഖത്വർ റിയാൽ പിഴ ഈടാക്കും.

ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിൽ അറിയിക്കണം. ഇങ്ങനെ പാർക്കിങ് ബുക്ക് ചെയ്തത് ശ്രദ്ധയിൽപെട്ടാൽ മൊബൈലിൽ ഫോട്ടോയെടുത്ത് ഇ മെയിൽ അയക്കുകയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ റൂമിൽ ഫോൺ വിളിച്ചുപറയുകയോ വേണം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഓപറേഷൻ റൂം. പട്രോൾ സംഘം സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.