ദോഹ: മാളുകളിലും സൂഖുകളിലും വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഒരു ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് പരമാവധി ഈടാക്കാവുന്നത് 70 റിയാലാണെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യ രണ്ടു മണിക്കൂറിന് രണ്ടു റിയാൽ വീതവും പിന്നീടുള്ള രണ്ടു മണിക്കൂറിന് മൂന്നും അതിനു മുകളിലുള്ള ഒരോ മണിക്കൂറിനും അഞ്ചു റിയാൽ വീതവും ഈടാക്കാം. എന്നാൽ ഒരു ദിവസത്തേക്കുള്ള പരമാവധി ഫീസ് 70 റിയാലിൽ കൂടരുതെന്ന് മാത്രം.

കൂടാതെ ആദ്യത്തെ 30 മിനിട്ട് നേരത്തേക്ക് മോട്ടോറിസ്റ്റുകളിൽ നിന്ന് ഫീസ് ഈടാക്കാനാവില്ല. പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താനാവാതെ 30 മിനിട്ടിനുള്ളിൽ പാർക്കിങ് ഏരിയ വിട്ടുപോകുന്ന ഡ്രൈവറുടെ പക്കൽ നിന്നും ഫീസ് ഈടാക്കാനാവില്. അതേസമയം വാലറ്റ് പാർക്കിങ് സേവനം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ നിന്ന് പരമാവധി 30 റിയാലും വിഐപി വാലറ്റ് പാർക്കിംഗിന് 60 റിയാലാണ് ഫീസ്. പാർക്കിങ് ടിക്കറ്റ് നഷ്ടപ്പെടുന്നവർ പിഴയായി 70 റിയാൽ അയയ്ക്കുകയും വേണം.

മന്ത്രാലയം നിർദേശിച്ചിരിക്കുന്നതിൽ കൂടുതൽ പാർക്കിങ് ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ പാർക്കിങ് ഫീസ് പുതുക്കി നിശ്ചയിക്കുന്നതും വിലക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് 60 ദിവസത്തിനകം പ്രാബല്യത്തിലാക്കണമെന്നാണ് ഉത്തരവിൽ വാണിജ്യസ്ഥാപനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.