മസ്‌കത്ത്: സോണൽ കേന്ദ്രങ്ങളിലെ പാർക്കിങ് പെർമിറ്റിനായി ഇനി ഓൺലൈൻ അപേക്ഷ നലകാൻ അവസരം. ഓൺലൈൻ അപേക്ഷയാകുന്നതോടെ സ്റ്റിക്കർ പാർക്കിങ് പെർമിറ്റുകൾ നൽകുന്നത് നിർത്തലാക്കാനാണ് മസ്‌കത്ത് നഗരസഭ ഒരുങ്ങുന്നത്.

ഇ- ഗവേണൻസ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സോണൽ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കായാണ് സ്റ്റിക്കർ പെർമിറ്റുകൾ നൽകുന്നത്.നിലവിലുള്ള സ്റ്റോക് തീരുന്ന മുറക്ക് ഇത് നിർത്തലാക്കുകയാണ് ലക്ഷ്യം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും പാർക്കിങ്ങിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലവുമടങ്ങിയ വിവരങ്ങളാണ് സ്റ്റിക്കറിൽ ഉള്ളത്.

സ്റ്റിക്കർ സംവിധാനം അവസാനിക്കുന്നതോടെ സോണൽ കേന്ദ്രങ്ങളിലെ പാർക്കിങ് പെർമിറ്റിനായി നഗരസഭയിൽ ഓൺലൈനായി അപേക്ഷിക്കാം. ഇതിനായുള്ള ഫീസും ഓൺലൈനായി അടക്കാൻ സൗകര്യമുണ്ടാകും. ഈ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നത് വഴി നഗരസഭയുടെ പാർക്കിങ് പരിശോധനാ ജീവനക്കാർക്ക് ലഭ്യമാകും.