ഷാർജ: ഇന്ന് മുതൽ കച്ച പാർക്കിങ്ങ് കേന്ദ്രങ്ങൾ ഇല്ല. നഗരസഭയുടെ അംഗീകാരമില്ലാതെ ഇടങ്ങളിൽ വാഹനങ്ങൾ നിറുത്തിയിട്ടാൽ ഇതോടെ നടപടി ഉറപ്പാണ്. ഇത്തരം പാർക്കിങുകളിൽ നിറുത്തിയിടുന്ന വാഹനങ്ങളിൽ മുന്നറിയിപ്പടങ്ങിയ ലഘുലേഖകൾ അധികൃതർ വച്ചിരുന്നു. ലഭ്യമായ വാഹന ഉടമകൾക്ക് അവ നേരിട്ട് നൽകുകയും ചെയ്തു.

വ്യാഴാഴ്ച മുതൽ ഇത്തരം ഇടങ്ങളിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ച് തുടങ്ങുമെന്നാണ് അറിയുന്നത്. പലതരത്തിലുള്ള നിയമലംഘനങ്ങളും ഇത്തരം പാർക്കിങുകൾ കേന്ദ്രികരിച്ച് നടക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കച്ച പാർക്കിങുകളായി ഉപയോഗിക്കുന്ന ഇടങ്ങളെല്ലാം വൈകാതെ പണമടച്ചുള്ള പാർക്കിങുകളായി മാറും. നഗരസഭയുടെ അനുമതിയുള്ള കമ്പനികളാണ് ഇത് ഏറ്റെടുക്കുക.

മണിക്കൂർ വച്ചായിരിക്കും ഇത്തരം പാർക്കിങ് കേന്ദ്രങ്ങൾ വാടക പിടിക്കുക. വാര, മാസ, വാർഷിക നിരക്കുകളും ഉണ്ടാകും. ഷാർജ പട്ടണങ്ങളിൽ ഇപ്പോൾ കച്ച പാർക്കിങുകൾ അപൂർവ്വമാണ്. എന്നാൽ മറ്റിടങ്ങളിൽ ഇത് വേണ്ടുവോളമുണ്ട്. അനിശ്ചിതമായി വാഹനങ്ങൾ നിറുത്തിയിടുക, വാഹനങ്ങൾ വൃത്തിയാക്കാതെയിടുക, രണ്ട് വാഹനത്തിന്റെ ഇടം ഒരു വാഹനം കൈയേറുക തുടങ്ങിയ നിയമലംഘനങ്ങളെ തുടർന്നാണ് അധികൃതർ ഇവിടെ പെയ്ഡ് പാർക്കിങ് കൊണ്ട് വന്നത്. കച്ച പാർക്കിങുകളുടെ കളം മാറ്റത്തിനും ഇത്തരം കാര്യങ്ങൾ തന്നെയാണ് പ്രധാന കാരണം.