ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ ബന്ധുക്കളെ പാക്കിസ്ഥാൻ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം.

വിഷയത്തിൽ അടിയന്തര പ്രമേയമാവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇതിന് അനുമതി നൽകാതിരുന്നതിനേത്തുടർന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ സഭ 12 മണിവരെ നിർത്തിവച്ചു.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യവും മുഴക്കി. ഇതേത്തുടർന്നാണ് സഭ നിർത്തിവച്ചത്. വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും വ്യാഴാഴ്ച വിശദീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച ബന്ധുക്കളുമായുള്ള സന്ദർശന സമയത്ത് ഇരുകൂട്ടരെയും രണ്ട് മുറികളിലായാണ് ഇരുത്തിയത്. ഇത് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.

ഒപ്പം, കൂടിക്കാഴ്ചയ്ക്ക് കയറുന്നതിനു മുന്നേ കുൽഭൂഷണിന്റെ ഭാര്യയുടെ പക്കൽ നിന്നും താലി ഉൾപ്പടെയുള്ള ആഭരണങ്ങൾ ഊരി വാങ്ങിച്ചുവെന്നും എന്നാൽ പിന്നീട് ഇത് തിരികെ നൽകിയില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
ജാദവിന്റെ അമ്മയ്ക്ക് മാതൃഭാഷ സംസാരിക്കാൻ അനുവാദം നൽകാതിരുന്ന പാക്ക് ഉദ്യോഗസ്ഥർ സന്ദർശന സ്ഥലത്തു നിന്ന് ഇന്ത്യൻ ഹൈക്കമ്മീഷണറെ മാറ്റി നിർത്തിയെന്നും ഇതൊന്നും ഇന്ത്യയെ നേരത്തെ അറിയിച്ചിരുന്നല്ലെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സംഭവത്തേക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഉൽപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയത്.