ഴുപതുകളുടെ തുടക്കത്തിലൊക്കെയുള്ള, നസീറും മധുവും സത്യനുമൊക്കെ കോമ്പോ വരുന്ന ചില കുടുംബചിത്രങ്ങൾ ഓർമ്മയില്ലേ.ചെയ്യാത്ത കുറ്റത്തിന് ജയിലിൽപോവുന്ന നായകൻ, മകനുവേണ്ടി കുറ്റം ഏറ്റെടുക്കുന്ന പിതാവ്, അവസാനം എല്ലാം 'കോംപ്‌ളിമെൻസാക്കി' ഇവരെല്ലാംകൂടി കെട്ടിപ്പിടിച്ചൊരു കരച്ചിലുണ്ട്.... എല്ലാം തെറ്റിദ്ധാരണയായിരുന്നുപോലും. ഈ അളിഞ്ഞതും അങ്ങേയറ്റം പൈങ്കിളിയുമായ സെന്റിമെൻസ് ഡ്രാമ പുതിയകാലത്തേക്ക് കൊണ്ടുവന്നാൽ എങ്ങനെയിരിക്കും.ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പൊട്ടപ്പടം.ശരത് സന്തിത്ത് എന്ന നവാഗത സംവിധായകൻ മെഗാ സ്റ്റാൻ മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരോൾ എന്ന സിനിമക്ക് കയറിപ്പോവുന്നതിനേക്കാളും നല്ലത് ജീവപര്യന്ത്യം ശിക്ഷയോ തൂക്കുകയറോ ആണ്! വൃത്തിയുള്ള ചില ക്യാമറാവർക്കുകൾ ഒഴിച്ചാൽ ആശയപരമായി ഉള്ളുപൊള്ളയാണ് ഈ ചിത്രം.ആകെയുള്ള കുറച്ച് നല്ല സീനുകൾ ചുരണ്ടിക്കെട്ടി മനോഹരമായ ഒരു ടീസറും ട്രെയിലറുമുണ്ടാക്കി പാവം പ്രേക്ഷകരെ പോക്കറ്റടിക്കുന്നു.

അത്യന്താധുനിക ക്യാമറയും സംവിധാനവും ബജറ്റുമൊന്നുമല്ല അടിസ്ഥാനപരമായി ചലച്ചിത്രകാരന്റെ തലച്ചോർതന്നെയാണ് സിനിമ.ഇവിടെ അതില്ലാതെ പോയി.ജയിൽവാർഡനായി ജോലിചെയ്‌തെന്ന് പറയുന്ന അജിത്ത് പൂജപ്പുരയൊരുക്കിയ തിരക്കഥക്ക് യാതൊരു അനുഭവ തീഷ്ണതയുമില്ല.പലപ്പോഴും സെറ്റിട്ട് എടുത്ത സ്‌കിറ്റിന്റെയും നാടകത്തിന്റെയും ഭാവമാണ് ഉള്ളത്.സംവിധായകനം കൂട്ടർക്കുമൊക്കെ പുതുമുഖങ്ങളാണെന്നതിന്റെ ആനുകൂല്യം കൊടുക്കാം.പക്ഷേ ഈ സാംസ്കാരിക ദുരന്തത്തിന്റെ മുഖ്യപ്രതി, ആയിരംപൂർണ ചന്ദ്രന്മാരെ കാണുന്ന കാലത്തുപോലും മലയാള സിനിമയിലെ നായക പദവി വിട്ടുകൊടുക്കില്‌ളെന്ന വാശിയോടെ യുവാക്കളോട് പൊരുതുന്ന നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി തന്നെയാണ്.(അല്‌ളെങ്കിൽ നമ്മുടെ സൂപ്പർതാര ചിത്രങ്ങളിൽ എവിടെയാണ് സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ സ്‌പേസ് ഉള്ളത്.

പ്രഭാത ഭക്ഷണംതൊട്ട് തീയേറ്റർ റിലീസ്വരെയുള്ള എല്ലാകാര്യവും ആരാണ് തീരുമാനിക്കുന്നതെന്നത് അങ്ങാടിപ്പാട്ടാണല്ലോ) തുറന്ന് ചോദിക്കട്ടേ, ഈ പ്രായത്തിൽ നിങ്ങൾക്കിത് എന്തിന്റെ സൂക്കേടാണ് മമ്മൂക്ക. നിങ്ങളുടെ എക്‌സ്പീരിയൻസ്വെച്ച് അറിയാമല്ലേ, ഈ പീറക്കഥയൊന്നും ഇക്കാലത്ത് സിനിമക്ക് പറ്റില്‌ളെന്ന്.ഈ പയ്യന്മാർക്ക് മൂളിക്കൊടുത്ത് ഒരു പാവം നിർമ്മാതാവിനെ പഞ്ഞിക്കിടുന്ന നേരത്ത്, ഇപ്പോൾ ഫാഷനായ വല്ല ജൈവകൃഷിയും ചെയ്ത് നേരം കളയാമായിരുന്നു താങ്കൾക്ക്! ഈ വർഷം ഇറങ്ങിയ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സും വലിയ പരാജയമായിരുന്നു.കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് മമ്മുക്ക മാത്രം അറിയുന്നില്‌ളെന്ന് തോനുന്നു.

പഴയവീഞ്ഞ് പുതിയ കുപ്പിയിൽ

സത്യൻ-നസീർകാലത്തെ കഥകൾ പുതിയ കുപ്പിയിലിറക്കി ഇതൊരു മഹാസംഭവമാണെന്ന് പബ്‌ളിസ്റ്റികൊടുത്ത ഈ പടത്തിന്റെ അണിയറക്കാരെയും സമ്മതിക്കണം.ചിത്രം തുടങ്ങുന്നത് പേര് സൂചിപ്പിക്കുന്നപോലെ ജയിലിലാണ്.സെൻട്രൽ ജയിലൊക്കെ കണ്ടാൽ മനോഹരമായ റിസോർട്ടാണെന്നാണ് തോനുക.അത്രക്ക് വെടിപ്പിലും വൃത്തിയിലും ചിട്ടയിലും.റിയലിസ്‌ററിക്കായി ജയിലുകളെയെടുത്ത 'സ്വാതന്ത്ര്യം അർധരാത്രിയിൽ' കണ്ടതിനുശേഷം ഈ പടം കണ്ടാൽ ഇതിന്റെ അണിയറക്കാരെയൊക്കെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും!

ചെയ്യാത്തകുറ്റത്തിന് ജയിലിൽ കിടക്കുന്ന നായകനാണ്, ജയിലിൽ മേസ്തിരിയെന്ന് എല്ലാവരും വിളിക്കുന്നു, ജീവനക്കാരുടെയാക്കെ പെറ്റ് ആയ അലക്‌സ്.മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ കഥാപാത്രം പതിവുപോലെ സൽഗുണ സമ്പന്നനും ആദർശവാനുമാണ്.ബൈബിൾ നാടകത്തിലൊക്കെ സെറ്റിട്ടപോലാണ് ഈ സമയത്ത് ജയിലൊക്കെ തോനുന്നത്.ഒരു ഫീലുമില്ല.കുറെ തടവുകാരും മരുന്നിന് ഒന്നോ രണ്ടോ വാർഡന്മാരും. സ്വവർഗരതിയനായ ഒരു ഭീകര തടവുപുള്ളിക്ക് മറ്റൊരുത്തൻ പരസ്യമായി ഒരു യുവ തടവുപുള്ളിയെ പട്ടാപ്പകൽ എത്തിച്ചുകൊടുക്കുന്നുണ്ട്. സിംഹം മാൻകുട്ടിയെ ചാടിപ്പിടിക്കുന്ന ആനിമൽപ്‌ളാനറ്റിലെ രംഗങ്ങ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഇതേ സ്വവർഗൻ അതേ യുവാവിനെ പട്ടാപ്പകൻ ജയിലിൽവെച്ച് ചാടിപ്പിടച്ച് ഭോഗിക്കാൻ കൊണ്ടുപോവുകയാണ്! പിന്നെ അവിടെയാക്കെ ധർമ്മ സംസ്ഥാപനാർഥം മമ്മൂട്ടിയുള്ളതുകൊണ്ട് രക്ഷപ്പെട്ടു.മമ്മൂട്ടി ചാടിയും മറിഞ്ഞും കരണക്കുത്തം മറിഞ്ഞു ഇടിച്ചും വില്ലന്റെ അമ്മിഞ്ഞപ്പാൽവരെ കക്കിക്കുന്നുണ്ട്. കുറ്റം മാത്രം പറയരുതല്ലോ.ഒരു വൃത്തംവരച്ച് കൈയും കാലും മുകളിലോട്ടും താഴോട്ടും അനക്കി 'ഡിഷും ഡിഷും' മോഡലിൽ മാത്രമുള്ള സ്ഥിരം സംഘട്ടനരീതിയിൽനിന്ന് മമ്മൂട്ടി എത്രയോ ഇംപ്രൂവ് ചെയ്തിട്ടുണ്ട്.

ജയിലിനെ ഒന്നാന്തരം വെള്ളരിക്കാപ്പട്ടണമായാണ് ഇവിടെ ചിത്രീകരിക്കുന്നത്. അതാണ് ഈ പടത്തെ 'സ്വാതന്ത്ര്യം അർധരാത്രികളുമായി' താരതമ്യം ആവശ്യപ്പെടുന്നതും. അടി കഴിഞ്ഞാലുടൻ സ്വാഭവികമായും ഫ്‌ളാഷ്ബാക്കാണ്.ആരാണ് ഈ മേസ്തിരി അയാൾ എങ്ങനെ ജയിലിലത്തെിയെന്ന കഥന കഥയാണ്.കുട്ടിക്കാലത്ത് അപ്പന്റെ കൂടെ അടിവാരത്ത് എത്തിയ കർഷകനാണ് അലക്‌സ്്.പിതാവിനൊപ്പം കമ്യൂണിസവും ചൂഷകരോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും അലക്‌സിനും കിട്ടുന്നു.പക്ഷേ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങൾമൂലം അയാൾ ചെയ്യാത്ത കുറ്റത്ത് ജയിലാവുന്നു.

യുക്തിഹീനത ഇത്രത്തോളമോ?

എങ്ങനെയാണ് കോടതിയും നിയമ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി പ്രാഥമികമായ ചില ബോധ്യങ്ങൾ ഉള്ളവർക്കൊന്നും ഇങ്ങനെ എഴുതിവെക്കാൻ കഴിയില്ല.സ്വന്തം ഭാര്യയെ കൊന്നുവെന്നതാണ് അലക്‌സിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം.പക്ഷേ അതൊരു അപകടമരണമാണെന്ന് കോടതിയിൽപോലും വാദിക്കാതെ അയാൾ കുറ്റം ഏറ്റെടുക്കയാണ്.ഭാര്യയോട് ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമാണിത്രേ.ഇത് എന്തൊരു യുക്തിയാണ്.

ഭാര്യ മരിച്ചാൽ ചെയ്യാത്ത കുറ്റമേറ്റ് ജയിലിൽപോവുകയാണോ,അതോ സ്വന്തം മകൻ അടക്കമുള്ള ആശ്രിതരെ സംരക്ഷിക്കാനും അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെ മകനെ വളർത്താനോ ഏതിനാണ് ശ്രമിക്കേണ്ടത്.ഇനി അച്ഛനും അമ്മയുമില്ലാതെ വളർന്ന ആ കുട്ടി വഴിതെറ്റി ക്രിമിനലിസത്തിലേക്ക് എത്തുമ്പോഴാണ് അലക്‌സ് പരോളിൽ എത്തുന്നത്.കൊലക്കേസിൽ പ്രതിയായ മകനെ രക്ഷിക്കാൻ. ഇവിടെ വംശീയതക്ക് സമാനമായ മ്‌ളേഛമായ ഒരു യുക്തി പലയിടത്തും കണ്ടു.അപ്പൻ ജയിലിൽപോയാൽ മകനും ആ വഴിക്ക് നീങ്ങുമെന്ന്! ആധുനിക കാലത്ത് ഈ രീതിയിലും ലോകവീക്ഷണംവെച്ച് പുലർത്തുന്നവർ ഉണ്ടോ.

ഇനി കൊലക്കേസ് പ്രതിയായ മകന്റെ കുറ്റം പിതാവ്ഏറ്റെടുക്കുന്ന രംഗമൊക്കെ കണ്ടാൽ ചിരിച്ചുപോവും.കേസിൽ സാക്ഷിയായ പൊലീസ് കൊണ്ടുവന്ന അലക്‌സാണ് അവസാനം പ്രതിയായി കുറ്റമേൽക്കുന്നത്.ഫോറൻസിക്ക് തെളിവുകളുള്ള ഇക്കാലത്ത് നിയമവ്യവസ്ഥയെ ഇങ്ങനെ കൊച്ചാക്കണണോ.അവസാനം മകനെ രക്ഷിച്ചുവെന്ന് സന്തോഷത്തിലും കാത്തിരിക്കാൻ മകനുണ്ടെന്ന ആശ്വാസത്തിലും ഒരു പുതിയ പരോൾ പ്രതീക്ഷിച്ച് അലക്‌സ് ജയിലിലേക്ക് മടങ്ങുകയാണ്.ജോറായി.ഒരു കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കിട്ടിയ പരോളിൽ,മറ്റൊരു കൊലക്കേസിൽ പ്രതിയായ വ്യക്തിക്കാണെല്ലോ വീണ്ടും പരോൾ കിട്ടുന്നത്! നിയമ സംവിധാനത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണപോലും ഈ പടത്തിന്റെ അണിയറക്കാർക്കില്ല.സത്യത്തിൽ ഇത്രയും നിയമനിഷേധവും അബദ്ധവും പ്രചരിപ്പിക്കുന്നതിന്റെ പേരിൽ മമ്മൂട്ടിയുടെയാക്കെ എൽ.എൽ.ബി ബിരുദം കാൻസൽ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്!

കാലഗണനയെക്കുറിച്ചും ചിത്രത്തിന്റെ മൊത്തം കൺഫ്യൂഷനാണ്്.അലക്‌സിന് ഏതാണ്ട് കൗമാരപ്രായത്തിലത്തെി നിൽക്കുമ്പോഴാണ് അപ്പൻ മരിക്കുന്നതെന്ന് സൂചനയുള്ള രംഗങ്ങൾക്ക്‌ശേഷം പിന്നെ കാണിക്കുന്നത് പത്തുനാൽപ്പതുവയസ്സുള്ള അലക്‌സ് പിതാവിന്റെ ശവമെടുക്കുന്നതാണ്.പെട്ടന്ന് അലക്‌സ് വലുതായപോലെ.അതുപോലെ ജയിലിൽ അലക്‌സിനെ കാണാൻ വരുന്ന പെങ്ങൾക്ക് ( ചിത്രത്തിൽ മിയ) പ്രായമൊന്നും ബാധിച്ചിട്ടില്ല.പിന്നീട് കേൾക്കുന്നു അവൾ മരിച്ചെന്നും. എന്തൊക്കെയോ സംഭവിക്കുന്നു,ഒന്നിന്നും ഒരു പിടിയുമില്ല.
ആദ്യപകുതി സഹിക്കബിൾ ആണെങ്കിൽ രണ്ടാം പകുതിയാണ് ഹൊറിബിൾ.

ഇടക്ക് ചില നല്ല ഷോട്ടുകളമുണ്ട്.അലക്‌സിനെ കാണാൻ വരുന്ന കാമുകിക്ക് മിന്നലിന്റെ പശ്ചാത്തലത്തിൽ അപ്‌സമാരമിളകുന്നത്,അലക്‌സിന് എല്ലാം ശരിയായിട്ടും പരോൾ നിഷേധിക്കപ്പെടുന്നത് തുടങ്ങിയവ.പക്ഷേ മികവ് ഒന്നോ രണ്ടോ സീനുകളിൽ ഒതുങ്ങുന്നുവെന്ന് മാത്രം.

നാടകവേഷത്തിൽ സുധീർ കരമനയും അലൻസിയറും

അരോചകാഭിനത്തിന്റെ ഭീകരമായ വേർഷൻ കാണണമെങ്കിൽ ഈ പടത്തിൽ സുധീർ കരമനയുടെ റോൾ നോക്കിയാൽ മതി.ഇങ്ങനെ ടൈപ്പായിട്ടും ഓവറാക്കിയിട്ടും ഇവരെയാക്കെ പുകഴ്‌ത്താനാണ് നമ്മുടെ മീഡിയക്ക് താൽപ്പര്യം.

നിയന്ത്രിതാഭിനയത്തിന് പേരുകേട്ട തന്റെ പിതാവ് കരമന ജനാർദ്ദനൻ നായരുടെ പ്രധാന വേഷങ്ങളിലൂടെ സുധീർ ഒന്ന് മനസ്സിരുത്തി കടന്നുപോവട്ടെ.അവനവന്റെ പരാജയം അപ്പോൾ ബോധ്യമാവും.അതുപോലെ ടൈപ്പും പൊറാട്ട് നാടകവുമാവുകയാണ് അലൻസിയറുടെ അഭിനയവും.ഈ പടത്തിൽ മമ്മൂട്ടിയുടെ പിതാവായാണ് അലൻസിയർ വേഷമിടുന്നത്. മമ്മൂട്ടിയുടെ സുഹൃത്തായി വേഷമിടുന്ന സിദ്ദീഖിന്റെ കഥാപാത്രവും നന്നായി വെറുപ്പിക്കുന്നുണ്ട്.സിദ്ദീഖ് ബോറാകുന്നത് അപുർവമായാണ് കാണാറ്.

മമ്മൂട്ടിക്ക് അനായാസം ചെയ്യാവുന്ന കഥാപാത്രം തന്നെയാണിത്.ഈ മഹാനടന് ഇത് യാതൊരു വെല്ലുവിളിയും ആവുന്നില്ല. അനിൽ നെടുമങ്ങാടിന്റെ പൊലീസ് വേഷമാണ് എടുത്തുപറയേണ്ടത്.ഭാവിയുള്ള നടനാണിയാൾ.നായകന്റെ സഹോദരിയായി വന്ന മിയയും,ഭാര്യയായി വേഷമിട്ട ഇനിയയും മോശമാക്കിയിട്ടില്ല.സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും വേറിട്ട് നിൽക്കുന്നു.

മികച്ച ക്യാമറാ വർക്കായ ഈ പടത്തിൽ പക്ഷേ ഗാനങ്ങൾ നന്നായിട്ടില്ല.ഗാനങ്ങളുടെ സമയം പ്രേക്ഷകർ മൂത്രമൊഴിക്കാൻ പുറത്തുപോവാനാണ് വിനിയോഗിക്കുന്നത്. മമ്മൂട്ടിക്ക് പരോൾ കിട്ടുമ്പോഴുള്ള അരിസ്റ്റോ സുരേഷും ടീമിന്റെയൊമുക്കെ 'പരോൾ പരോൾ' എന്ന പാട്ടൊക്കെ കാണുമ്പോൾ ദിലീപിന്റെ 'വെൽക്കം ടു സെൻട്രൽ ജയിലി'ലാണോ എത്തിപ്പെട്ടതെന്ന് തോന്നും.

വാൽക്കഷ്ണം: കമ്യൂണിസ്റ്റ് നൊസ്‌ററാൾജിയ ഇപ്പോൾ മലയാളത്തിലെ വാണിജ്യഘടകമായി മാറിയതായി തോനുന്നു.ഈ പടത്തിലെ നായകനും അങ്ങനെ തന്നെയാണ്.ഫ്‌ളാഷ്ബാക്കിൽ അയാൾ ചെങ്കൊടി പിടിക്കുന്നു,ചൂഷകരെ അടിച്ചൊതുക്കുന്നു,കൊടിമരം തകർക്കാൻ വരുന്നവരെ പഞ്ഞിക്കിടുന്നു...ആകെ വിപ്‌ളവ മയം.ഈ സീസണിലെ എത്രമാത്തെ കമ്യൂണിസ്‌ററ് സിനിമയാണിതെന്ന് എണ്ണാൻപോലും പറ്റുന്നില്ല.നാല് ചെങ്കൊടി വീശിക്കാണിച്ചാൽ സഖാക്കൾ തീയേറ്ററിൽ ഇരച്ചുകയറും എന്നാണ് ധാരണയെങ്കിൽ അതും ഇതോടെ തീരും.സിനിമയിൽ മരുന്നില്ലാതെ എന്ത് ഗിമ്മിക്ക് എടുത്തിട്ടും കാര്യമില്‌ളെന്ന് ഇവരൊക്കെ എന്നാണ് മനസ്സിലാക്കുക.