60 വർഷം പഴക്കമുള്ള ജീവിതമാണിത്. തിരുവനന്തപുരത്തുകാരിയായ സൗദമ്മയെ ആനന്ദൻ വിവാഹം കഴിക്കുവാനിടയായത് അന്ന് കഴക്കൂട്ടത്ത് സിഎസ്‌ഐ മിഷൻ ആശുപത്രിയിൽ സേവനമനുഷ്ടിച്ചിരുന്ന ഡോ. ജോൺ നിമിത്തമായിരുന്നു.

സൗദമ്മയുടെ ഒരു സഹോദരൻ ഡോ. ജോണിന്റെ ചികിത്സയിൽ അവിടെ കഴിയുകയായിരുന്നു. അന്ന് ബസ്സ് സർവ്വീസ് തുലോം കുറവ്. ബസ്സ്‌സ്റ്റോപ്പ് പരിസരത്ത് ജൗളിക്കട നടത്തുന്നയാളായിരുന്നു ആനന്ദൻ. ആർകെവിയും കെഎംഎസുമാണ് തിരുവനന്തപുരം-കഴക്കൂട്ടം റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സുകൾ. പല ദിവസങ്ങളിലും ബസ്സ് കാത്തിരിക്കുന്ന ശ്രീത്വം തുളുമ്പുന്ന ഒരു അമ്മയെ കാണാറുണ്ടായിരുന്നു ആനന്ദൻ. തന്റെ കുശലാന്വേഷണത്തിലൂടെ അവരുടെ രോഗിയായ മകനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസ്സിലാക്കി. അത് കാലാന്തരത്തിൽ ആ അമ്മയുടെ മകളായ സൗദമ്മയുമായിട്ടുള്ള വിവാഹബന്ധത്തിൽ കലാശിച്ചു. വിവാഹിതനായ ആനന്ദൻ തനിക്കും വധുവിനും പാർക്കുവാനുള്ള പുതിയ ഭവനവും പണി കഴിപ്പിച്ചിരുന്നു. അങ്ങനെ പുതുമണവാട്ടിയെ പുത്തൻ വീട്ടിൽ താമസിപ്പിച്ച് കുടുംബജീവിതത്തിന് തിരി കൊളുത്തുകയാണുണ്ടായത്.

വ്യാപാരത്തിൽ അഭ്യുന്നതി- കനിഷ്ഠപുത്രി ലാഭത്തോടെ സഞ്ചരിക്കുവാൻ സ്വന്തമായി ഒരു കാർ. അല്ലലും അലട്ടലും ഒട്ടും ഇല്ലാത്ത ജീവിതം. പൊതുകാര്യ പ്രസക്തനായിരുന്ന ആ ചെറുപ്പക്കാരൻ നാട്ടുകാർക്കും ബന്ധുക്കൾക്കും സുസമ്മതൻ. ഏറെ താമസിയാതെ സൗദമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. താമസം കടയോടനുബന്ധിച്ച് പണിത പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

ബാഹ്യ ഇടപെടലുകൾ ജീവിതത്തെ മാറ്റി മറിക്കുന്ന രംഗം അരങ്ങൊരുങ്ങുന്നത് ഇനിയാണ്....

സ്ഥലം എസ്‌ഐയ്ക്ക് താമസിക്കുന്നതിനായി തങ്ങളുടെ കുടുംബജീവിതം ആരംഭിച്ച കെട്ടിടം വിട്ടുകൊടുക്കുമ്പോൾ അത് തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുമെന്ന് ഇരുവരും സ്വപ്‌നേപി കരുതിയില്ല. വല്ലപ്പോഴും പൊലീസ്‌സ്റ്റേഷനിൽ ശുപാർശയ്‌ക്കോ ജാമ്യക്കാരനായോ പോയിരുന്ന ആനന്ദൻ, അന്ന് പക്ഷേ എസ്‌ഐയെ താമസസ്ഥലത്ത് പോയി കാണുകയായിരുന്നു. പ്രശ്‌നം അൽപ്പം ഗുരുതരം. എന്നാൽ പ്രതിയോ നിരപരാധിയും. വസ്തുതകൾ ശരിക്കും മനസ്സിലാക്കിക്കുവാൻ ആനന്ദന് കഴിഞ്ഞു. പ്രതിയെ വെറുതെ വിട്ടു.

ഒരു വ്യാജവാറ്റു കേന്ദ്രത്തിന്റെയടുത്ത് അൽപ്പം തുറസ്സായ തെങ്ങിൻപുരയിടത്തിന് ഉടമയായിരുന്ന യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് വ്യാജവാറ്റുകാരൻ 'കോട' കുഴിച്ചിട്ടിരുന്നത്. മദ്യ നിരോധനം നിലനിന്നിരുന്ന കാലം. പെട്ടുപോയിരുന്നെങ്കിൽ ജയിൽവാസം ഉറപ്പ്. കരഞ്ഞുവിളിച്ച് അലമുറയിടുന്ന ബന്ധുക്കളും സ്വന്തക്കാരും. എന്തായാലും എസ്‌ഐയുടെ അന്വേഷണത്തിൽ യഥാർത്ഥ പ്രതി കുറ്റം സമ്മതിച്ചതുകൊണ്ടും യുവതി കേസ്സിൽ നിന്നും ഒഴിവായി.

മുതലാളി ഒരാൾ വിചാരിച്ചതുകൊണ്ട് കാര്യം നടന്നു കിട്ടി. ആ എസ്‌ഐ ആളൊരു ചൂടനാണെന്നാണ് കേട്ടത്. ആരു പറഞ്ഞാലും കേൾക്കുന്നയാളുമല്ല. വിധവയായ യുവതിയേയും കൂട്ടി വകയിൽ ഒരമ്മാവൻ ആനന്ദൻ മുതലാളിയുടെ കടയിൽ വന്ന് നന്ദി പറഞ്ഞു. കൂട്ടത്തിൽ അവരുടെ വീടുവരെ ഒന്ന് ചെല്ലണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചു. ഈ ക്ഷണമാണ് പിന്നീട് അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന താളപ്പിഴകൾക്ക് കാരണമായി മാറിയത്.

സൗഹാർദ്ദ സന്ദർശനങ്ങൾ തുടർ സന്ദർശനങ്ങൾക്ക് വഴി തുറന്നു. സൗദമ്മ തന്റെ മൂന്നാമത്തെ മകനെ പ്രസവിച്ചു കിടന്നിരുന്ന അവസരം.

ഭർത്താവിന്റെ ചുവടുമാറ്റത്തിന്റെ രഹസ്യങ്ങൾ സൗദമ്മ അറിഞ്ഞപ്പോൾ സംഭവ വികാസങ്ങൾ പലതും നടന്നു കഴിഞ്ഞിരുന്നു. ആനന്ദൻ മുതലാളിക്ക് പഴയ കേസ്സുകാരിയിൽ ഒരു കുഞ്ഞും ജനിച്ചു. പലരിൽ നിന്നും കുറേശ്ശെ കുറേശ്ശെ കാര്യങ്ങൾ സൗദമ്മ മനസ്സിലാക്കി. ആ ഒരു ഇടപെടൽ അവരുടെ തുടർന്നുള്ള ജീവിതത്തെ തകിടം മറിച്ചു.

ടെക്‌സ്റ്റെയിൽ വ്യാപാരത്തിനു പുറമേ കെട്ടിട നിർമ്മാണ രംഗത്തേയ്ക്കുള്ള ചുവടുമാറ്റം ആനന്ദന്റെ പകൽ ജീവിതത്തിന് ചാരുതയേകി. സൗദമ്മയുടെ പരാതിയുടെ രൂക്ഷത കുറഞ്ഞുവന്നു. വിധിയെന്ന് സമാധാനിച്ചു. മൂന്ന് കുട്ടികളുടെ പഠിത്തവും കാര്യങ്ങളും അവളുടെ ദിനങ്ങളെ കർമ്മോത്സുകമാക്കി.

ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിലുണ്ടായ ഒരു ലോറി അപകടം. കെട്ടിട നിർമ്മാണത്തിനുവേണ്ട ചുടുകല്ല് കയറ്റി വന്ന ലോറി റോഡരികിലേയ്ക്ക് മറിഞ്ഞതുനിമിത്തം ഉണ്ടായത്-സൗദമ്മയുടെ ജീവിതത്തിൽ കൂരിരിട്ടു മൂടി. പൊതുവേ ലോക പരിചയം കുറവുള്ള വീട്ടമ്മ. മൂന്ന് കുഞ്ഞുങ്ങളെ പോറ്റി വളർത്തുവാനും വ്യാപാര സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും പല കഷ്ടതകളും അനുഭവിക്കേണ്ടി വന്നു. പതിയെപ്പതിയെ കെട്ടിട നിർമ്മാണം പാടേ ഉപേക്ഷിച്ചു. വസ്ത്ര വ്യാപാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനപ്രയത്‌നം നടത്തി ഒറ്റയ്ക്ക് ജീവിതത്തോണി തുഴഞ്ഞ് കുഞ്ഞുങ്ങളെ ഒരു കരയ്ക്ക് എത്തിച്ചു.

മൂത്തവൾ  എഞ്ചിനീയർ, രണ്ടാമത്തവൻ കളക്ടറേറ്റിൽ ക്ലാർക്ക്, മൂന്നാമത്തവൻ ഗൾഫുകാരൻ-പോരേ മതി. ഇത്രയെങ്കിലും ആക്കിയല്ലോ.... അതുതന്നെ ഭാഗ്യം.