മിഷിഗൺ: വളർത്തുതത്ത സാക്ഷിയായ കൊലക്കേസിൽ വീട്ടമ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്ലെന്ന ഡ്യുറാം എന്ന 49-കാരി ഭർത്താവ് മാർട്ടിൻ ഡ്യുറാമിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് കോടതിവിധി. കുടുംബവഴക്കിനൊടുവിൽ ഗ്ലെന്ന ഭർത്താവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇയാളുടെ മരണത്തിന്റെ ഏക ദൃക്‌സാക്ഷി ഇവരുടെ വീട്ടിൽവളർത്തിയിരുന്ന തത്തയായിരുന്നു.

കേസിൽ തത്തയെ സാക്ഷിയായി പരിഗണിക്കാമോ എന്ന് മിഷിഗൺ പൊലീസും കോടതിയും ഏറെ ചർച്ചചെയ്തിരുന്നെങ്കിലും ഒടുവിൽ അതുണ്ടായില്ല. തത്തയെ കോടതി നടപടികളിലേക്ക് കൊണ്ടുവന്നില്ല. യു.എസിലെ മിഷിഗണിൽ 2015-ലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന തത്തയായിരുന്നു ഏക ദൃക്സാക്ഷി.

കേസ് കോടതിയിൽ എത്തിയപ്പോൾ കൊലപാതകത്തിന് ദമ്പതിമാർ വളർത്തുന്ന ആഫ്രിക്കൻ തത്ത 'ബഡ്' ദൃക്സാക്ഷിയാണെന്ന് മാർട്ടിന്റെ മാതാപിതാക്കളാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. 'ഡോണ്ട് ഷൂട്ട്' എന്ന് മാർട്ടിന്റെ ശബ്ദത്തിൽ തത്ത ആവർത്തിച്ചിരുന്നതായി ബന്ധുക്കൾ മൊഴിനൽകിയിരുന്നു.

ദിവസംനീണ്ട വഴക്കിനൊടുവിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ഡ്യുറാം വെടിയുതിർത്തതെന്ന് ജൂറി കണ്ടെത്തി. ശിക്ഷ അടുത്തമാസം വിധിക്കും.അഞ്ചുവെടിയുണ്ടകളാണ് മാർട്ടിന്റെ ശരീരത്തിൽനിന്ന് കണ്ടെടുത്തിരുന്നത്. മാർട്ടിനുനേരേ വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിക്കാനും ഗ്ലെന്ന ശ്രമിച്ചിരുന്നു. ഭർത്താവിന്റെ സമീപത്ത് തലയ്ക്ക് മുറിവേറ്റനിലയിലാണ് ഗ്ലെന്നിനെ കണ്ടെത്തിയിരുന്നത്.

പുറത്തുനിന്നുള്ള ആളാകാം കൊലപാതകത്തിനുപിന്നിലെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാൽ, വീടിനുള്ളിൽനിന്ന് കൈത്തോക്ക് കണ്ടെടുത്തതോടെ ഗ്ലെൻ പിടിയിലാകുക ആയിരുന്നു.