മനാമ: ബഹ്‌റിനിലെ വീട്ടമ്മമാർക്കായി മൂവായിരത്തോളം തൊഴിലവസരങ്ങളുമായി തൊഴിൽ മന്ത്രി. കുടുംബത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും തിരക്കുകൾക്കിയിലും തൊഴിലിനോട് ആഭിമുഖ്യമുള്ളവർക്കാണ് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ്  അലി ഹുമൈദാൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പാർട്ട് ടൈം, ടെമ്പററി, ഫുൾ ടൈം ജോലി തുടങ്ങിയ സംവിധാനത്തിലൂടെ ജനങ്ങളെ സഹായിക്കാനായി സർക്കാർ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ തുടർച്ചയാണ് ഇപ്പോൾ വീട്ടമ്മമാർക്കായി പ്രഖ്യാപിച്ചിരിക്കുന്ന പാർട്ട് ടൈം ജോലി. നിലവിൽ 2,000 പേർക്ക് തൊഴിൽ പരിശീലനം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 4,000ത്തോളം തൊഴിലവസരങ്ങളും തൊഴിൽ അന്വേഷകരെ കാത്തിരിക്കുന്നുണ്ട്. അവസാന കണക്കനുസരിച്ച് ബഹ്‌റൈനിലെ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമാണ്.

പല കാരണങ്ങളാൽ നിശ്ചിത ഓഫീസ് പ്രവർത്തി സമയങ്ങളിൽ ജോലി ചെയ്യാൻ സാധിക്കാത്ത ഒട്ടേറെപ്പേർക്ക് ഈ പാർട്ട് ടൈം ജോലി സംവിധാനം ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളുള്ള സ്ത്രീകൾക്ക്. ജോലി അന്വേഷകർക്കായി ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചു വരുന്നുണ്ടെന്നും അധികം താമസിയാതെ അവ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.