- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ സ്റ്റേഷനിൽ കൊട്ടും കുരവയുമായി സ്വീകരണം മാത്രം മിച്ചം; സ്റ്റേഡിയത്തിലെത്തിയാൽ പരിശീലിക്കാൻ സൗകര്യമില്ല; വില്ലേജ് തുറക്കാത്തതിനാൽ താമസം ഹോട്ടലുകളിൽ; പരാതി പ്രവാഹങ്ങൾക്കിടയാക്കി താരങ്ങൾ എത്തി തുടങ്ങി
തിരുവനന്തപുരം : 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം. കായികതാരങ്ങൾ എത്തി തുടങ്ങുകയും ചെയ്തു. കൊട്ടും കുരവയുമായി രാഷ്ട്രീയ നേതാക്കൾ ഇവരെ സ്വീകരിക്കുന്നു. പിന്നെ ഇവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ല. തിരുവനന്തപുരത്തെ ഗെയിംസ് വില്ലേ
തിരുവനന്തപുരം : 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം. കായികതാരങ്ങൾ എത്തി തുടങ്ങുകയും ചെയ്തു. കൊട്ടും കുരവയുമായി രാഷ്ട്രീയ നേതാക്കൾ ഇവരെ സ്വീകരിക്കുന്നു. പിന്നെ ഇവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ല. തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ് ഇനിയും പണി പൂർത്തിയായിട്ടില്ല. അതുകൊണ്ട് കിട്ടുന്ന ഹോട്ടലുകളിൽ കായികതാരങ്ങളെ താമസിപ്പിക്കുകയാണ് സംഘാടകർ. ഗെയിംസ് വില്ലേജ് നാളെ തുറന്നാലും ഉടനെ മുഴുവൻ താരങ്ങൾക്കും അവിടെ താമസിക്കാൻ കഴിയില്ല. അത്ര പരിതാപകരമാണ് ഗെയിംസ് വില്ലേജിലെ അവസ്ഥ.
അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല പരാതികൾ. മിക്ക ടീം തെരഞ്ഞെടുപ്പുകളും പരാതിയിൽ മുങ്ങി. ഇഷ്ടക്കാരെ തിരുകികയറ്റി സർക്കാർ ഉദ്യോഗ്സ്ഥരാക്കാൻ ഉന്നതർ ശ്രമിക്കുന്നുവെന്നതാണ് പരാതി. മെഡൽ കിട്ടിയാൽ സർക്കാർ ജോലിയെന്ന വാഗ്ദാനം ഉണ്ടാകുമെന്ന് എല്ലാ അസോസിയേഷനുകൾക്കും നേരത്തെ അറിയാമായിരുന്നു. ഈ തീരുമാനം രഹസ്യമാക്കി വച്ചതോടെ മികച്ച താരങ്ങൾ കേരളത്തിലേക്ക് എത്തിയില്ല. ഇഷ്ടക്കാരെ വച്ച് വെങ്കലം കിട്ടിയാലും ജോലി എന്നതാണ് സ്ഥിതി. അതു തന്നെയാണ് മിക്ക ടീമുകളുടേയും സെലക്ഷനേയും വിവാദത്തിലെത്തിച്ചത്.
സംസ്ഥാന വോളിബാൾ ടീം സെലക്ഷനിലെ അപാകതകളെക്കുറിച്ച് കായികമന്ത്രിക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിനും പരാതി നൽകിയ താരങ്ങളെ ദേശീയ ഗെയിംസിനുള്ള പരിശീലന ക്യാമ്പിൽനിന്ന് ഒഴിവാക്കുമെന്നാണ് അസോസിയേഷന്റെ ഭീഷണി. വോളിബാൾ ടീമിൽനിന്ന് അന്താരാഷ്ട്ര രംഗത്തെ ശ്രദ്ധേയ താരങ്ങളായ ശ്രുതിമോൾ, അഞ്ചു ബാലകൃഷ്ണൻ, രേഷ്മ പി.പി എന്നിവരെ ഒഴിവാക്കിയതാണ് വിവാദമായത്. ഇവർക്ക് പകരം കോളേജ് തലത്തിൽ കളിക്കുന്ന ജൂനിയർ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്. ഹാൻഡ് ബോൾ ടീമിനെതിരേയും സമാനമായ പരാതിയുണ്ട്. തുഴച്ചിൽ ടീം സെലക്ഷനും വിവാദത്തിൽ. അങ്ങനെ പരാതി പ്രളയമായി മാറിയ ദേശീയ ഗെയിംസിലേക്കാണ് അന്യസംസ്ഥാന താരങ്ങൾ തീവണ്ടി ഇറങ്ങുന്നത്.
മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനവും ഗൃഹപ്രവേശവും ഇന്നലെയാണ് നിശ്ചയിച്ചിരുന്നത്. ക്‌ളീനിങ് ജോലികൾ ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റേണ്ടിവന്നത്. ചൊവ്വാഴ്ചത്തെ ബിജെപി ഹർത്താലാണ് ക്‌ളീനിങ് അവതാളത്തിലാക്കിയത്. പാലക്കാടുനിന്ന് ക്‌ളീനിങ് തൊഴിലാളികൾക്ക് ഹർത്താൽ കാരണം സമയത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ ഇന്നലെ ഇവിടെയെത്തിയ കായികതാരങ്ങൾക്ക് കഴക്കൂട്ടത്ത് ഹോട്ടലിൽ താത്കാലിക സൗകര്യം ഒരുക്കി. 30ന് ഗെയിംസ് വില്ലേജ് ഉദ്ഘാടനം ചെയ്തശേഷം ഇവരെ അങ്ങോട്ടുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. പക്ഷേ അതു നടക്കുമോ എന്ന് കണ്ടറയിണമെന്നാണ് സംഘാടക സമിതിയിലുള്ളവർ രഹസ്യമായി പറയുന്നത്.
ഗെയിംസിൽ പങ്കെടുക്കാനായി ഇന്നലെ മുതൽ ടീമുകൾ എത്തിത്തുടങ്ങി. കഴക്കൂട്ടം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ എത്തിയ ടീമുകൾക്ക് അതത് സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇന്നത്തോടെ കൂടുതൽ ടീമുകൾ എത്തും. ചണ്ഡിഗഡ്, മഹാരാഷ്ട്ര, സർവീസസ്, ബീഹാർ, മണിപ്പൂർ, കർണാടക, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങളും എത്തി തടുങ്ങി. ഇവർക്കും 30ാം തീയതിവരെ ഹോട്ടലുകളിൽ താമസമൊരുക്കും. എന്നാൽ സ്‌റ്റേഡയങ്ങളിലെ പണികൾ എല്ലായിടത്തും പുരോഗമിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ എത്തുന്ന താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമില്ലാത്ത അവസ്ഥയാണ്. രണ്ട് ദിവസം ഗ്രൗണ്ടിൽ പരിശീലനം നടത്തി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. എല്ലാ ജില്ലകളിലെ മത്സര വേദികളും അവസാന മിനുക്ക് പണിയിൽ മാത്രമാണ്.
20 കോടിയോളം ചെലവഴിച്ചാണ് കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ചത്. ഇവിടെ ഫുട്ബോൾ മത്സരം നടത്താനുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. ഗ്രൗണ്ടിൽ ആസ്‌ട്രേലിയൻ ബർമുഡ പുല്ല് വച്ചുപിടിപ്പിക്കുന്നത് അവസാനഘട്ടത്തിലാണ്. ഇതു തന്നെയാണ് എല്ലാ സ്റ്റേഡിയത്തിലേയും അവസ്ഥ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം റെഡിയെങ്കിൽ അവിടെയൊന്നും ഉപകരണങ്ങൾ ഇല്ല. പഴയ ഉപകരണങ്ങളുമായി തന്നെയാകും ദേശീയ ഗെയിംസ് നടക്കുക. ഉപകരണങ്ങൾ ഇപ്പോഴെത്തുമെന്ന സംഘാടകരുടെ വാദത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നത് സ്റ്റേഡിയങ്ങളുടെ അവസാനഘട്ട നവീകരണത്തെ താറുമാറാക്കിയെന്നാണ് വിലയിരുത്തലുകൾ.
ദേശീയഗെയിംസിനുള്ള കേരളത്തിന്റെ ബീച്ച് വോളിബോൾ ടീം പരിശീലിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ. ആവശ്യത്തിന് കളി ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലാതെ കോഴിക്കോട് കടപ്പുറത്ത് ഒരുമാസമായി ടീമംഗങ്ങൾ ബുദ്ധിമുട്ടുകയാണ്. മത്സരങ്ങൾ നടത്താനുള്ള കോർട്ടും ഇതുവരെ തയ്യാറായിട്ടില്ല. പുരുഷവനിതാ മത്സരങ്ങൾ ഫെബ്രുവരി ഒന്നുമുതൽ കോഴിക്കോട് കടപ്പുറത്താണ്. സന്ദർശകരെത്തുന്ന ഭാഗത്താണ് പരിശീലനം. ഇതിനൊന്നും പരിഹാരമൊരുക്കാൻ സംഘാടകർ ആരുമില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരത്തെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ 30ന് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ദേശീയ ഗെയിംസ്വേദി നിർമ്മാണം എങ്ങുമെത്തിയില്ല. ഖോ ഖോ, കബഡി മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ഖോഖോ മത്സരത്തിനായി ഗ്രൗണ്ടിൽ സ്ഥാപിക്കേണ്ട മാറ്റ് എത്തിക്കാനായിട്ടില്ല. മാറ്റ് എന്ന് എത്തിച്ച് സ്ഥാപിക്കുമെന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. 3500 പേർക്ക് ഇരുന്ന് കളികാണാൻ വേണ്ടി നിർമ്മിക്കുന്ന താൽക്കാലിക ഗ്യാലറി നിർമ്മാണവും പകുതിപോലും ആയിട്ടില്ല. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് ഖോഖോ മത്സരം. കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും പണികൾ നടക്കാനുണ്ട്, ഗ്രൗണ്ടിന്റെ നിലവാരം പോലും പരിശോധിക്കാൻ കഴിയാതെ നേരെ മത്സരങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് ഉള്ളത്.