ന്യൂഡൽഹി: 1947ലെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം ചരിത്രപരമായ തെറ്റായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 1971 ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ അൻപതാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മൾ നടത്തിയ ഒരു തെറ്റിനെക്കുറിച്ചാണ് 1971 യുദ്ധം പറയുന്നത്. മതത്തിന്റെ പേരിൽ ജനിച്ച പാക്കിസ്ഥാന് ഒരുമയോടെ, ഒന്നായി നിലനിൽക്കാൻ സാധിച്ചില്ല. ഈ സംഭവത്തിന് ശേഷം ഇന്ത്യയുമായി ഇപ്പോഴും നിഴൽ യുദ്ധത്തിന് ശ്രമിക്കുകയാണ് ആ അയൽരാജ്യം.'- പാക്കിസ്ഥാനെ പേരെടുത്തു പരാമർശിക്കാതെ രാജ്നാഥ് സിങ് പറഞ്ഞു.

'ഇന്ത്യ എന്നും സത്യത്തിന്റെയും നീതിയുടെയും ഭാഗത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ 1971 യുദ്ധം പാക്കിസ്ഥാൻ സൈന്യത്തിന് എതിരല്ല, മറിച്ച് അനീതിക്കും പീഡനത്തിനും എതിരെയുള്ള ഒന്നായിരുന്നു.'- രാജ്നാഥ് പറഞ്ഞു. നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കി, നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കുമെന്നും രാജ്നാഥ് കൂട്ടിച്ചേർത്തു.

ഇന്ത്യ - ബംഗ്ലാദേശ് സൗഹൃദത്തെ പ്രകീർത്തിച്ച രാജ്നാഥ് സിങ്, പാക്കിസ്ഥാൻ നിരന്തരം ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങളിൽ ഇടപെടുന്നതായും അഭിപ്രായപ്പെട്ടു.