ന്യൂയോർക്ക്: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിന്റെ പൂർത്തീകരണത്തിനായി മലങ്കര സഭാ മക്കളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടു പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്. കാൻസർ സെന്ററിന്റെ പൂർത്തീകരണത്തിനായി ഇനിയും അമ്പതു കോടി രൂപ അനിവാര്യമായിരിക്കുന്നു എന്നുള്ള പരിശുദ്ധ കാതോലിക്ക ബാവയുടെ അഭ്യർത്ഥന അനുസരിച്ചുകൊണ്ട് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് തനിക്കു ലഭിച്ച ക്കൈമുത്തിൽ നിന്ന് പത്തു ലക്ഷം രൂപ കാതോലിക്കാ ബാവയ്ക്ക് ക്കൈമാറി.

മലങ്കര സഭാ മക്കൾക്ക് എങ്ങനെ മലങ്കര സഭയുടെ ഈ സ്വപ്നപദ്ധതിയിൽ പങ്ക് ചേരാം?

1. പലിശ രഹിത വായ്പ (അഞ്ചു വർഷത്തേക്കുള്ള ബോണ്ടുകൾ)

2. ഏഴ് ശതമാനം പലിശ

3. ഒമ്പത് ശതമാനം പലിശയ്ക്ക് തുല്യമായ ചികിത്സാസഹായം നിങ്ങൾ നിർദേശിക്കുന്ന രോഗികൾക്കു നല്കും.

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിൽനിന്ന് ഒരു ലക്ഷം വീതമുള്ള ബോണ്ടുകൾ അഞ്ചു വർഷത്തേക്കു നൽകുക. ഒരു ലക്ഷം വീതമുള്ള ബോണ്ടുകൾക്ക് ഏഴു ശതമാനം പലിശ നല്കും.

സാധാരണക്കാരന് കൈയെത്താവുന്ന ദൂരത്തിൽ കാൻസർ ചികിത്സക്ക് മധ്യകേരളത്തിൽ ഒരു നല്ല ഹോസ്പിറ്റൽ എന്ന ആശയത്തിൽ ആരംഭിച്ച പരുമല കാൻസർ സെന്റർ. സഭാവ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവനു കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കണം എന്നതാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പൊതുസ്ഥാപനമായ പരുമല കാൻസർ സെന്ററിന്റെ മുദ്രാവാക്യം. മരണം ഉറപ്പിച്ച് വേദിയോടു പൊരുതുന്നവർക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താൻ ചികിൽസ വേണ്ടവർക്ക് ദുരിതയാത്രയുടെ വേദനയിൽനിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവർക്ക് വേദനയുടെ ലോകത്തുനിന്ന് അകലം പാലിക്കാൻ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണു പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാൻസർ കെയർ സെന്ററിലൂടെ സഭ ലക്ഷ്യ മിടുന്നത്. കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ ഇനിയും അമ്പതുകോടി രൂപയോളം വേണം. പക്ഷേ, അർബുദം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദൈന്യം കണ്ടറിഞ്ഞവരും മനസിലാക്കിയവരും കൈകോർത്താൽ മലങ്കര സഭാ മക്കൾക്ക് ഇത് ചെറിയൊരു തുകയാണ്

തിരുവനന്തപുരം ആർസിസിയിലും എറണാകുളത്തും മാത്രം ചികിൽസയ്ക്ക് ആശ്രയിക്കുന്ന മധ്യകേരളത്തിലെ അർബുദരോഗികൾക്ക് അധികം യാത്ര ചെയ്യാതെ ചികിത്സ ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രത്തിന്റെ കെട്ടിടം പണിയാണ് പാതിവഴിയിൽ നിൽക്കുന്നത്. കീമോ തെറാപ്പി, സർജറി, റേഡിയേഷൻ എന്നീ മൂന്നുതരം അർബുദ ചികിൽസകളും ലഭ്യമാക്കുക, മരണം ഉറപ്പിച്ചവർക്ക് കഴിയാവുന്നിടത്തോളം നന്നായി പരിചരണം ലഭ്യമാക്കുക, കീമോതെറാപ്പി ചെയ്യാനെത്തുന്നവർക്കു രാവിലെ വന്നു വൈകുന്നേരം മടങ്ങാവുന്ന തരത്തിൽ സംവിധാനമുണ്ടാക്കുക എന്നിവയാണ് പുതിയ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.