ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാളിന് ഒക്‌ടോബർ 26-ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് ചടങ്ങോടെ തുടക്കം കുറിച്ചു. ഒക്‌ടോബർ 26 മുതൽ നവംബർ ഒന്നുവരെ എല്ലാ ദിവസവും സന്ധ്യാ നമസ്‌കാരം നടത്തപ്പെട്ടു. ഒക്‌ടോബർ 31, നവംബർ 1 എന്നീ തീയതികളിൽ കൺവൻഷൻ യോഗങ്ങളും ഉണ്ടായിരുന്നു.

നവംബർ ഒന്നിന് 9.30-ന് പ്രഭാത നമസ്‌കാരം, തുടർന്ന്  10 മണിക്ക് നടന്ന വിശുദ്ധ കുർബാന ഡാളസ് ഏരിയയിലുള്ള ഓറിയന്റൽ ഓർത്തഡോക്‌സ് ചർച്ചുകളുടെ കൂട്ടായ സഹകരണത്തോടെ ഇടവക വികാരി ഫാ. സി.ജി. തോമസിന്റെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. ഓറിയന്റൽ ഓർത്തഡോക്‌സ് ചർച്ചിലെ പുരോഹിതന്മാർ, ശെമ്മാശന്മാർ, ശുശ്രൂഷകർ കൂടാതെ പ്രസ്തുത ദേവാലയത്തിലെ വിശ്വാസികളുടെ കുടുംബാംഗങ്ങളും അന്ന് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. ഡാളസ് ഏരിയ ഓർത്തഡോക്‌സ് സഭാംഗങ്ങളുടെ ഇടയിൽ ആദ്യവും ഏറ്റവും ശ്രദ്ധേയവുമായ ഒരു സംഭവമായിരുന്നു. അതിഥികൾക്ക് സ്വീകരണം, ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളോടുള്ള കൂറു പ്രഖ്യാപനം, ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു.

നവംബർ രണ്ടാം തീയതി ഞായറാഴ്ച റവ.ഫാ. ബ്ലസ്സൻ വർഗീസിന്റെ മുഖ്യകാർമികത്വത്തിലും റവ.ഫാ. ജി. ജോൺ, റവ.ഫാ. വി.ടി. തോമസ് എന്നിവരുടെ സഹകരണത്തിലും വി. മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു. അതിനെ തുടർന്ന് ഭക്തിനിർഭരമായ റാസ, നേർച്ചഭക്ഷണം എന്നിവയും തിരുനാളിന് മികവ് കൂട്ടി. അതിനുശേഷം നടന്ന കൊടിയിറക്കത്തോടെ പെരുന്നാളിന് സമാപനം കുറിച്ചു. ഈവർഷത്തെ പെരുന്നാളിന് നേതൃത്വം കൊടുത്ത വികാരി ഫാ. സി.ജി. തോമസ്, സെക്രട്ടറി സോണി അലക്‌സാണ്ടർ, ട്രസ്റ്റി ടിജി തോമസ് ഉൾപ്പെട്ട മാനേജിങ് കമ്മിറ്റിയും ഇടവകയിലുള്ള എല്ലാ അംഗങ്ങളുടേയും സ്‌നേഹത്തോടും കരുതലോടും കൂടിയ പങ്കാളിത്തമായിരുന്നു പെരുന്നാളിനെ വൻ വിജയമാക്കിത്തീർത്തത്.