ഡബ്ലിൻ: പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ നാളെ (ഞായറാഴ്ച) വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആചരിക്കുന്നു. പെരുന്നാൾ ശുശ്രൂഷകളിലും വിശുദ്ധ കുർബാനയിലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മൂവാറ്റുപുഴ മേഖല മെത്രാപൊലീത്ത ഡോ .മാത്യൂസ് മോർ അന്തീമോസ് നേതൃത്വം നൽകും. ഇടവക വികാരി ഫാ. ബിജു മത്തായി പാറേകാട്ടിൽ പങ്കെടുക്കും.
ഒമ്പതിന് രാവിലെ പത്ത് മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് നേർച്ച സദ്യയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

1878 വടക്കൻ പറവൂർ യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ഇരുപത്തി എട്ടാം വയസിൽ അന്ത്യോഖ്യ പാത്രിയർക്കീസ് ആയിരുന്ന മോർ ഇഗ്‌ന്യത്തോസു പത്രോസ് മൂന്നാമൻ മെത്രാപൊലീത്തയായി  വാഴിച്ച പരുമല തിരുമേനിയെ മലങ്കരയുടെ മഹാപരിശുദ്ധൻ ആയി ആണ് കണക്കാക്കുന്നത്. അന്തോഖ്യാ മലങ്കര ബന്ധം നിലനിർത്തുവാൻ ജീവിതകാലം മുഴുവൻ പരിശ്രമിച്ച പരിശുദ്ധൻ ആണ് കൊച്ചു തിരുമേനി എന്ന് അറിയപ്പെടുന്ന പരുമല തിരുമേനി. 1902 നവംബർ രണ്ടാം തീയതി ആണ് പരിശുദ്ധ തിരുമേനി കാലം ചെയ്തത്.