ഇടുക്കി: 'മലയാളക്കരയുടെ മടിശീല നിറയ്ക്കുന്ന നനവേറും നാടല്ലോ ഇടുക്കി' മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയിൽ ഇടുക്കിയെ വർണ്ണിക്കുന്ന പാട്ടിന്റെ ആത്മാവാണ് ഈ വരികൾ. ഇടുക്കിയുടെ സൗന്ദര്യത്തെ വരികളിലൂടെ വർണ്ണിക്കുകയാണ് കവി റഫീഖ് അഹമ്മദ്. ശരിക്കും ക്യാറക്ടർ സ്‌കെച്ചിങ്. പക്ഷേ കവിയുടെ കണ്ണിൽപെടാതെപോയ ഒരു സൗന്ദര്യം ഇടുക്കി ജില്ല ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതാണ് പരുന്തുംപാറ.

കവികൽപ്പനകളിൽപോലും പെടാതെ ഒളിഞ്ഞുകിടക്കുന്നതല്ല ഈ ഗിരിശിഖരം. മറിച്ച് ഇടുക്കി എന്ന ജില്ലയുടെ വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും പ്രയോജനപ്പെടുത്താനറിയാത്ത സംസ്ഥാന ടൂറിസം വകുപ്പിന്റേയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റേയും കഴിവുകേടിന്റെ ഉദാഹരണമാണിവിടം. മൂന്നാറിന്റെ കച്ചവടസാധ്യതകളാൽ അവഗണിക്കപ്പെടുന്ന സുന്ദരമായ മലമുകൾ ആണ് പരുന്തുംപാറ. പീരുമേട് താലൂക്കിലാണ് പ്രകൃതി രമണീയമായ ഈ സ്ഥലം. നയന സുന്ദരിയായ പരുന്തുംപാറയുടെ അനന്ത സാധ്യതകൾ സഞ്ചാരിയുടെ മനം കവരുംവിധം മാറ്റിതീർക്കാൻ നാളേറെയായിട്ടും കഴിഞ്ഞിട്ടില്ല.

പ്രകൃതിയുടെ മടിത്തട്ടാണിവിടം. പ്രകൃതി ഒന്നാകെ ഭൂമിയിൽ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം പരുന്തുംപാറ സമ്മാനിക്കുന്നു. മിനിട്ടുകളുടെ വ്യത്യാസത്തിൽ നൂൽമഴയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവർ ദിവ്യാനുഭൂതിയാണ് പകർന്നു നൽകുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളം വെന്തുരുകുമ്പോഴും പരുന്തുംപാറ തണുപ്പണിഞ്ഞുകിടക്കും. ആരവത്തോടെ ആർത്തിരമ്പിയെത്തുന്ന തണുത്ത കാറ്റാണ് ഇവിടത്തെ പ്രത്യേകത. പച്ചപ്പണിഞ്ഞ മലകളും മഞ്ഞുമുടിയ ചുറ്റുപാടും കോറിയിട്ട തണുപ്പും
മൊട്ടകുന്നുകളും വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.

ആഭ്യന്തരടൂറിസ്റ്റുകളേക്കാൾ വിദേശികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതൽ. അതിനിടെ ഇടുക്കി ജില്ലയിലെ തന്നെ അധികമാരും പരുന്തുംപാറയുടെ സൗന്ദര്യം ആസ്വദിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാരഭൂപടത്തിൽ ഇതുവരെ
ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്.

മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണ്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്.

അതുകൊണ്ടുതന്നെ ഇത് ടാഗോർ പാറ എന്നാണ് അറിയപ്പെടുന്നത്. ഭ്രമരം എന്ന മോഹൻലാൽബ്ലസി ചിത്രത്തിന്റെചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്. പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം എട്ട്കിലോമീറ്റർ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന് ആറ് കിലോമീറ്ററും.

തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220ൽനിന്ന് മൂന്ന് കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. കുട്ടിക്കാനത്തുനിന്നും തിരിഞ്ഞ് കുമളി റൂട്ടിൽ പീരുമേട് കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് നാല് കിലോമീറ്റർ യാത്ര ചെയ്താൽ പരുന്തുംപാറയിലെത്താം. മുന്നാറിലും തേക്കടിയിലും എത്തുന്നവർക്ക് റോഡുമാർഗം ഇവിടെയെത്താവുന്നതാണ്.