കൊച്ചി: 'കസബ' എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം പരാമർശിച്ച് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച നടി പാർവ്വതി സോഷ്യൽ മീഡിയയിൽ നേരിട്ട ആക്രമണം കഴിഞ്ഞ കുറച്ച് നാളുകളായി കേരളം ചർച്ച ചെയ്യുന്ന വിഷയം. പാർവ്വതിയുടെ ഫേസ്‌ബുക്ക് പേജിലും ട്വിറ്ററിലും പോയി മമ്മൂട്ടി ആരാധകർ എന്നു പറയുന്നവർ അസഭ്യ വർഷങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ഏറെ നാളത്തെ മൗനം വെടിഞ്ഞ് മമ്മൂട്ടി തന്നെ രംഗത്തെത്തി. ''തനിക്കു വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്'' അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മറുപടിയെക്കുറിച്ച് പാർവ്വതി ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഊട്ടിയിൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിച്ചു വരുന്ന പാർവ്വതി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

''സംസാരിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നതിൽ സന്തോഷമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല. വിഷയത്തിന്റെ തുടക്കത്തിൽ ഞാൻ മെസ്സേജ് ചെയ്തപ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സംഭവങ്ങൾ കൈവിട്ടുപോയി മറ്റൊരു ലെവലിൽ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളർന്നു'' സ്ത്രീവിരുദ്ധതയ്ക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും വ്യക്തമാക്കി പാർവ്വതി പറഞ്ഞു.