പനാജി: ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിന് അഭിമാനമായി ടേക്ക് ഓഫിലൂടെ പാർവതിക്ക് മികച്ച നടിക്കുള്ള അവാർഡും ചിത്രത്തിന് സ്‌പെഷൽ ജൂറി പുരസ്‌കാരവും ലഭിച്ചു. എയ്ഡ്‌സിനെതിരെയുള്ള ബോധവത്കരണം നടത്തിയ സിനിമയിൽ അഭിനയിച്ച നാഹുവൽ പെരസാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത്. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് മികച്ച നടനും നടിക്കുമുള്ള അവാർഡ്.

വികാര നിർഭരമായ വാക്കുകളോടെയാണ് പാർവതി അവാർഡ് വാങ്ങിയത്.അംഗീകാരം എല്ലാ നേഴ്‌സുമാർക്കും സമർപ്പിക്കുന്നതായും പാർവതി പാർവതി പറഞ്ഞു. തനിക്ക് ഇത്തരമൊരു അവാർഡ് വാങ്ങാൻ അവസരമൊരുക്കിയ സംവിധായകൻ മനീഷ് നാരായണനും ഫെസ്റ്റിവൽ അധികൃതർക്കും പാർവതി നന്ദി രേഖപ്പെടുത്തി.

മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്.മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്. ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം.

ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാർവതിയുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളവതരിപ്പിച്ചത്. ആസിഫ് അലി അതിഥി താരമായി പ്രത്യക്ഷപ്പെട്ട ചിത്രം ആഭ്യന്തര യുദ്ധക്കാലത്ത് ഇറാഖിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥയാണ് പറയുന്നത്.
ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ടേക്ക് ഓഫ് ദുബായിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. ചിത്രം രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. 2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്

ഏതുനിമിഷവും കൊല്ലപ്പെടുമെന്ന അന്തരീക്ഷം നിലനിൽക്കുമ്പോഴും കരുത്ത് കൈവിടാതെ, കാണാതായ തന്റെ ഭർത്താവിനെ കുറിച്ചുള്ള അന്വേഷണം തുടരുന്ന സമീറ എന്ന മലയാളി നഴ്സിലൂടെയാണ് ( പാർവതി) ചിത്രം മുന്നേറുന്നത്. സമീറയുടെ ജീവിതപ്രാരാബ്ധങ്ങളിൽ തുടങ്ങുന്ന ചിത്രം, പൊതുവെ ജോലിയെടുക്കുന്ന സ്ത്രീകൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിലേക്കുള്ള കണ്ണാടിയാവുന്നതാണ്. തൊഴിലെടുത്ത് ജീവിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ചുനിന്നതോടെ ഭർത്താവിനെയും (ആസിഫ് അലി) കുഞ്ഞിനെയുമാണ് അവൾക്ക് നഷ്ടമാവുന്നതും പിന്നീട് മൊഴിചൊല്ലപ്പെട്ട് നാട്ടിലെ ഒരു ഹോസ്പിറ്റലിൽ നഴ്സായി എത്തി മെച്ചപ്പെട്ട ജോലിക്ക് ശ്രമിക്കുന്നതിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ച വെക്കുന്നത്.

ആൺതുണയില്ലാത്തതിന്റെ പേരിലുള്ള ആ പ്രശ്നങ്ങൾ നേരിടാൻ അവൾ തന്നെ എപ്പോഴും സഹായിക്കാറുള്ള സഹപ്രവർത്തകൻ ഷഹീദിനെ വിവാഹം കഴിക്കുന്നതും തുടർന്ന് അവരടങ്ങുന്ന സംഘം ഇറാഖിലേക്ക് പറക്കുന്നതുമാണ് ചിത്രത്തിന്റെ കാതൽ പിന്നീടുള്ള ചിത്രത്തിന്റെ മുന്നേറ്റത്തിൽ പാർവതിയുടെ പ്രകടനം ജൂറിയുടെ കണ്ണ് തുറപ്പിച്ചു.ാ ഐ.എസ് ഭീകരർ ഇറാഖിലെ ത്രിക്രിത്തും മൊസുളും ആക്രമിച്ച് പിടിക്കുന്നുതും, നഴ്സുവമാരെ മനുഷ്യകവചമാക്കുന്നതുമെല്ലാം, ഞെട്ടിപ്പിക്കുന്ന രീതിയിലാണ് പാർവതിയിലൂടെ അവതരിപ്പിച്ചത്.മലയാളികൾക്ക് ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ വെയ്ക്കാവുന്ന ചിത്രമാണ് ടേക്ക് ഓഫ്.