മിസ് ഇന്ത്യയായി തിളങ്ങിയ മലയാളി പാർവതി ഓമനക്കുട്ടന്റെ ആദ്യ മലയാള ചിത്രം വമ്പൻ പരാജയമായിരുന്നു. ബില്ല എന്ന അജിത് ചിത്രത്തിലൂടെ തമിഴകത്തെത്തിയ പാർവതി മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് കെ ക്യൂ എന്ന ചിത്രത്തിലായിരുന്നു.

എന്നാൽ, ആദ്യ മലയാള ചിത്രം തനിക്കു സമ്മാനിച്ചതു നാണക്കേടു മാത്രമായിരുന്നെന്നാണു പാർവതി പറയുന്നത്. നിർമ്മാതാവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞതിനാൽ മാത്രമാണു സിനിമ പൂർത്തിയാക്കാൻ തീരുമാനിച്ചതെന്നും പാർവതി പറഞ്ഞു.

വില്ലനായും ഹാസ്യതാരമായും തിളങ്ങിയ ബൈജു ജോൺസൺ എന്ന ഏഴുപുന്ന ബൈജുവായിരുന്നു കെ ക്യൂവിന്റെ സംവിധായകൻ. തട്ടിക്കൂട്ട് ചിത്രത്തിൽ തലവച്ച് കൊടുത്തു പെട്ടുപോകുകയായിരുന്നു താനെന്നു പാർവതി പറയുന്നു.

അങ്ങനെ ഒരു ചിത്രത്തിൽ കരാറൊപ്പിട്ട് പോയല്ലോ എന്ന ചിന്തയായിരുന്നു സിനിമ ചിത്രീകരിക്കുമ്പോൾ ഉടനീളം മനസിൽ. ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമായിരുന്നില്ല ചിത്രത്തിൽ അഭിനയിച്ചത്. കരാറൊപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോഴാണ് അഭിനയിക്കുന്ന താരങ്ങൾ വേറെയാണെന്ന് അറിഞ്ഞത്. അങ്ങനെ കുറേ പ്രശ്നങ്ങൾ. അതോടെ മനസുമടുത്തു.

പിന്നീടു ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതോടെ നിർമ്മാതാവിന്റെ ഭാര്യ വിളിച്ച് കരച്ചിലായി. എനിക്കും വിഷമമായി. ആരെയും ഉപദ്രവിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ആ സിനിമ പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ നിനക്ക് വേണ്ടിയല്ല എങ്കിലും സിനിമയ്ക്ക് പിന്നിൽ പ്രവൃത്തിക്കുന്നവർക്ക് വേണ്ടി ഈ സിനിമ നീ പൂർത്തിയാക്കണം. അവരുടെ ജീവിതം ഈ സിനിമയിൽ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ് എന്ന് അമ്മ പറഞ്ഞു. അതുകൂടി കണക്കിലെടുത്താണു ചിത്രം പൂർത്തിയാക്കാൻ തീരുമാനിച്ചത്. എന്നാൽ തീയറ്ററിൽ ഒരു നേട്ടവും ഉണ്ടാക്കാത്ത ആ സിനിമ എനിക്ക് സമ്മാനിച്ചത് നാണക്കേട് മാത്രമാണെന്നും പാർവതി പറഞ്ഞു.