മുംബൈ: ഒരിക്കൽ കൂടെ ഇനി ബാംഗ്ലൂർ ഡെയ്സിലെ സേറയെ അവതരിപ്പിക്കാനില്ലെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് നടി പാർവ്വതി. മലയാളത്തിന്റെ സൂപ്പർ നായികയായ പാർവ്വതി ഇപ്പോൾ ഹിന്ദിയിൽ ഇർഫൻ ഖാൻ നായകനായ ഖരീബ് ഖരീബ് സിങ്‌ളിൽ പ്രധാന വേഷമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് പാർവതി തന്റെ നിലപാടുകൾ തുറന്ന പറഞ്ഞത്.

ഒന്നിൽ ക്ലിക്കായാൽ പിന്നെ ആ കഥാപാത്രങ്ങളെ തുടർച്ചായായി അവതരിപ്പിക്കേണ്ടിവരും എന്നാൽ ഇനി അത്തരത്തിൽ ബാഗ്ലൂർ ഡേയ്‌സിൽ അവതരിപ്പിച്ച സേറെയെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിനാണ് പാർവതി ഉത്തരം പറഞ്ഞത്.

ഇല്ല. ഞാൻ ഇനി ആ വേഷം അവതരിപ്പിക്കില്ല. ഞാൻ ഇപ്പോൾ തന്നെ അതിന്റെ തമിഴ് റീമേക്കിൽ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കിൽ അഭിനയിക്കരുതെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. സത്യം പറഞ്ഞാൽ എനിക്ക് ബോറടിച്ചുതുടങ്ങി. അത് ബോളിവുഡിൽ എടുക്കുകയാണെങ്കിൽ അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നു-പാർവതി പറഞ്ഞു.

ഞാൻ ഏർപ്പെട്ടിരിക്കുന്ന കലയിലൂടെയും ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയുമാണ് ഞാൻ പ്രേക്ഷകരുമായി സംവേദിക്കുന്നത്. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾ പോലുള്ളവ എന്നെ ബാധിക്കില്ല. ബോളിവുഡിൽ തുടക്കക്കാരിയായതിനാൽ ഇവിടുത്തെ മറ്റ് കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. വിദേശയാത്രകളിൽ ഇന്ത്യയിൽ നിന്നുള്ള അഭിനേതാവാണെന്ന് പറയുമ്പോൾ ബോളിവുഡിൽ നിന്നാണോ എന്നാണ് എല്ലാവരും ചോദിക്കുക. ബോളിവുഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമേയുള്ളൂ. മറ്റ് ഭാഷകളിൽ ചെയ്തതു തന്നെയാണ് ഞാൻ ഇവിടെയും ചെയ്യുന്നത്-പാർവതി പറഞ്ഞു.