കൊച്ചി: ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് ജനകീയ മുന്നണിയുടേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹർത്താലിൽ വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെതിരെ നടി പാർവതി രംഗത്ത്. കാലിക്കറ്റ് എയർപോർട്ട് ചെമ്മാട് കൊടിഞ്ഞി താനൂർ റോഡുകളിൽ വാഹനങ്ങൾ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലർ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരിൽ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാർവതി ട്വിറ്ററിൽ കുറിച്ചു.

ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളിൽ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാർവതി പോസ്റ്റിൽ പറയുന്നു.

കത്വവയിൽ മുസ്ലിം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് പലയിടത്തും വാഹനങ്ങൾ തടയുന്നത്. കോഴിക്കോട്, താമരശ്ശേരി,കൊയിലാണ്ടി റൂട്ടിലും വാഹനങ്ങൾ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂർ, വടകര മേഖലയിലും ബസുകൾ തടഞ്ഞു.

കാസർകോട് വിദ്യാനഗർ അണങ്കൂറും മലപ്പുറം വള്ളുവമ്ബ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകൾ തടഞ്ഞു. ചങ്കുവെട്ടിയിൽ തൃശ്ശൂരിൽ നിന്നെത്തിയ സ്വകാര്യ ബസുകൾ തടഞ്ഞിട്ടു. വണ്ടൂർകാളികാവ് റോഡിൽ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്ബലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

പാലക്കാട് വാഹനം തടയാൻ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതൽ പൊലീസിനെ വിന്യസിച്ചു തുടങ്ങി. ഇന്നലെ രാത്രിയും നഗരത്തിൽ പാലക്കാട് നഗരത്തിൽ ഭീതി പരത്താൻ ശ്രമം ഉണ്ടായിരുന്നു. സുൽത്താൻപേട്ട ജഗ്ക്ഷനിൽ അജ്ഞാതർ ടയർ കൂട്ടിയിട്ട് കത്തിച്ചു.