കൊച്ചി: സിനിമാ സെറ്റുകളിൽ സ്ത്രീകളോട് വിവേചനം നിലനിൽക്കുന്നുണ്ടെന്ന് വീണ്ടും നടി പാർവതി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ സെറ്റുകളിൽ ശുചിമുറികൾ ഉപയോഗിക്കുന്നതിന് പോലും സ്ത്രീകൾക്ക് പലപ്പോഴും നിയന്ത്രണമുണ്ടെന്ന് പാർവതി പറഞ്ഞത്.

നടീനടന്മാർക്ക് സെറ്റിൽ വിശ്രമിക്കാൻ പലപ്പോഴും നിർമ്മാണകമ്പനികൾ വാനിറ്റിവാനുകൾ നൽകാറുണ്ട്. ജനവാസ പ്രദേശങ്ങളിൽനിന്ന് മാറിയൊക്കെയുള്ള ഷൂട്ടിങ്ങുകളിൽ ഈ വാനിൽ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. നിങ്ങൾ ചിലപ്പൊ വിശ്വസിക്കില്ല, ഈ വാനുകൾ അനുവദിച്ചിട്ടുള്ള അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമല്ലാതെ മറ്റാർക്കും ഇതുപയോഗിക്കാൻ അവകാശമില്ല. സ്ത്രീകൾക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കിൽ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാൻ അനുവദിക്കില്ല. വാനിന്റെ ഡ്രൈവർമാരടക്കമുള്ളവർ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് പാർവതി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഐഎഫ്എഫ്കെയിൽ പാർവതി കസബയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ഐഎഫ്എഫ്കെയിലെ പരാമർശത്തിന് മുൻപായിരുന്നു ഈ അഭിമുഖം എടുത്തത്. ഇതിലും കസബയ്ക്കെതിരെ പാർവതി സംസാരിക്കുന്നുണ്ട്. പാർവതി പറയുന്നത് ഇങ്ങനെ.

ചോദ്യം:- ഇതോടൊപ്പം തന്നെ മോശം ഉള്ളടക്കമുള്ള സിനിമകൾ മലയാളത്തിലുമുണ്ടാകുന്നില്ലേ; സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളായവരെയുമെല്ലാം അവമതിക്കുകയും അവഹേളിക്കുകയുമെല്ലാം ചെയ്യുന്ന ഇത്തരം മോശം സിനിമകളും ബോക്‌സ്ഓഫീസിൽ വിജയിക്കുന്നുണ്ട്

പാർവ്വതി = ഉണ്ട്. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകളും ഇതിനിടെ വലിയ ഹിറ്റുകളാകുന്നുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്. അവയൊന്നും തന്നെ നമുക്ക് അഭിമാനിക്കത്തക്കതല്ല. ഉദാഹരണത്തിന് കസബ എന്ന സിനിമയിൽ നമ്മുടെ ഒരു സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാൻ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങൾക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.

ചോദ്യം:- സിനിമയുടെ ഉള്ളിൽനിന്ന് പുറത്തിറങ്ങിയാൽ, സെറ്റുകളിൽപൊതുവെ സ്ത്രീകളോടുള്ള സമീപനം എന്താണ്. ?

പാർവ്വതി = പൊതുവെ ഈ മേഖലയിൽ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണ്. മലയാളത്തിലെന്നല്ല, പൊതുവെ ഇതാണ് സ്ഥിതി. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം തികച്ചും വിഭിന്നമാണ്. അണിയറ പ്രവർത്തകരെ രണ്ടാം തരക്കാരായിത്തന്നെയാണ് കണക്കാക്കുന്നത്.

ഞാനൊരു ഉദാഹരണം പറയാം. നടീനടന്മാർക്ക് സെറ്റിൽ വിശ്രമിക്കാൻ പലപ്പോഴും നിർമ്മാണകമ്പനികൾ വാനിറ്റിവാനുകൾ നൽകാറുണ്ട്. ജനവാസ പ്രദേശങ്ങളിൽനിന്ന് മാറിയൊക്കെയുള്ള ഷൂട്ടിങ്ങുകളിൽ ഈ വാനിൽ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. നിങ്ങൾ ചിലപ്പൊ വിശ്വസിക്കില്ല, ഈ വാനുകൾ അനുവദിച്ചിട്ടുള്ള അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമല്ലാതെ മറ്റാർക്കും ഇതുപയോഗിക്കാൻ അവകാശമില്ല. സ്ത്രീകൾക്കൊന്നും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കിൽ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാൻ അനുവദിക്കില്ല. വാനിന്റെ ഡ്രൈവർമാരടക്കമുള്ളവർ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്തൊരു അനീതിയാണിത്. വർണവിവേചനത്തിന്റെ കാലത്തൊന്നുമല്ലല്ലോ നമ്മൾ ജീവിക്കുന്നത്. എനിക്ക് വാനിറ്റി വാൻ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാൻ ഞാൻ പറയാറുണ്ട്. നമ്മളിവിടത്തെ സിനിമാസംഘടനകളോടെല്ലാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്.

മറ്റൊന്ന്, സെക്‌സീസ്റ്റ് ആയ കമന്റുകളാണ്. ചാർലിയുടെ ആർട് ഡയറക്ടർ ആയിരുന്ന ജയശ്രീ പറഞ്ഞ ഒരു കാര്യമുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്തെങ്കിലുമൊരു ചെറിയ പ്രശ്‌നം ആർടിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായാൽ മതി ഉടൻ വരുന്ന കമന്റ്, 'ഇതാണ് ഈ പെണ്ണുങ്ങളെക്കൊണ്ടുള്ള കുഴപ്പം' എന്നാണ്. ചെറിയ എന്തെങ്കിലും പ്രശ്‌നമാവും. ഒരു പുരുഷനായിരുന്നു ആർട് ഡയറക്ടറെങ്കിൽ വഴക്കു പറയുന്നതുപോയിട്ട് ആരും ശ്രദ്ധിക്കുക പോലും ചെയ്യില്ല. സ്ത്രീവിരുദ്ധത വെള്ളത്തിൽ എണ്ണ വീണതുപോലെയാണ്, എത്ര കോരിക്കളഞ്ഞാലും ഒരു പാടപോലെ അതവിടെ കിടക്കും. ചിലതിനോടൊക്കെ പൊരുതി പൊരുതി നമുക്ക് മടുക്കില്ലേ... എനിക്കുതോന്നുന്നു ഇനി നമ്മൾ ബുദ്ധിപൂർവം ഇതിനെ നേരിടണമെന്ന്. അടുത്ത തലമുറയിലെങ്കിലും ഇതെല്ലാം ഒഴിവാക്കിയെടുക്കാൻ പറ്റണം. പുതിയ തലമുറയിലുള്ളവർക്കിടയിലാവണം ഇതിനായുള്ള പ്രവർത്തനം കേന്ദ്രീകരിക്കേണ്ടത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും, ട്രാാൻസ്‌ജെൻഡേഴ്‌സിനുമെല്ലാം തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടാവണം. ആ ലക്ഷ്യത്തിനു വേണ്ടിയാവണം ംരര അടക്കമുള്ളവയുടെ പ്രവർത്തനം.