തിരുവനന്തപുരം: നിഥിൻ രഞ്ജി പണിക്കരുടെ കസബ പുറത്തിറങ്ങിയ നാളുകളിൽ സിനിമയിൽ നായകകഥാപാത്രമായ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചെന്നും, സിനിമയ്‌ക്കെതിരെ നിയമപനടപടിയെടുക്കുമന്നും വനിത കമ്മീഷൻ അന്നു പറഞ്ഞിരുന്നു.എന്നാൽ, കസബ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും, സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബിയിലുമുള്ളു എന്നായിരുന്നു സംവിധായകന്റെ മറുപടി.

ഐഎഫ്എഫ്‌കെയുടെ ഓപ്പൺ ഫോറത്തിലാണ് കസബയ്ക്കും മമ്മൂട്ടിക്കുമെതിരെ നടി പാർവതി വിമർശനം ഉന്നയിച്ചത്.'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ്. എനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണ്.'
പേരെടുത്ത് പറയാതെയായിരുന്നു പാർവതി ആദ്യം ചിത്രത്തെ വിമർശിച്ചത്. എന്നാൽ, പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി വിമർശിച്ചത്.

'ആ സിനിമയുടെ അണിയറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.

'ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നത്'. - എന്ന് പാർവതി പറയുന്നു.
നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്'. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇത് ചെയ്യുക എന്നാൽ സെക്‌സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നുവെന്നും പാർവതി പറഞ്ഞു.