തിരുവനന്തപുരം: ബോളിവുഡിലേക്ക് ധൈര്യപൂർവ്വം ചുവടുവെച്ചിരിക്കയാണ് മലയാളി നടി  സിനിമക്ക് അപ്പുറം സാമൂഹിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായവും അത് തുറന്ന് പ്രകടിപ്പിക്കാനുള്ള ധൈര്യവും കാട്ടുന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമയിൽ നടി എത്ര ഹിറ്റുണ്ടാക്കിയാലും കാര്യമില്ലെന്നും, വിപണി മൂല്യമുണ്ടാവില്ലെന്നും പാർവതി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പല സംവിധായകരും മെയിൽ ഷോവനിസ്റ്റുകളാണെന്നും അവർ തുറന്നടിച്ചു.

തുല്യപ്രാധാന്യമുള്ള നായികാകഥാപാത്രമില്ലാതെ ബോളിവുഡിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നു എന്ന് നടി പാർവതി. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഖരീബ് ഖരീബ് സിംഗിൾ തീയറ്ററുകളിലെത്തിയതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം പറയുന്നത്. ബോളിവുഡിനായി മാറ്റി വയ്ക്കാനുള്ള സമയവും സ്ഥാനവും തനിക്കില്ലെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും പാർവതി പറഞ്ഞു.

കുറച്ച് വർഷം മുമ്പ് വരെ ബോളിവുഡ് എന്നെ പേടിപ്പിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. പക്ഷെ തനൂജ ചന്ദ്ര വന്ന് ഈ പടത്തിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഞാനൊരു മലയാള സിനിമ ചെയ്യുകയാണ് എന്ന് തന്നെയാണ് തോന്നിയത്. സിനിമ പൂർത്തിയായി കഴിഞ്ഞപ്പോളാണ് മലയാള സിനിമയിൽ നിന്ന് വ്യത്യസ്തമായ മാർക്കറ്റിങ് രീതികളൊക്ക പരിചയിച്ചത്.

ഖരീബ് സിംഗിളിന് മുമ്പ് മൂന്ന് ഓഫറുകൾ എനിക്ക് ബോളിവുഡിൽ നിന്ന് വന്നിരുന്നു. അതിലൊന്ന് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. വലിയ വാണിജ്യവിജയം പ്രതീക്ഷിച്ചിരുന്ന ഒന്ന്. പക്ഷെ ഒരു സ്ത്രീയെന്ന നിലയിൽ ആ ചിത്രത്തിലെ കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ അപമാനകരമായാണ് തോന്നിയത്. രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്‌നത്തിൽ മുടങ്ങി. മൂന്നാമത്തേത് നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്‌ക്രിപ്റ്റ് വായിക്കാൻ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടിനെ തുടർന്നാണ്.

സത്രീകഥാപാത്രത്തിന് തുല്യ പ്രാധാന്യമുള്ളതും നടിമാർക്ക് സ്‌ക്രിപ്റ്റ് വായിക്കാൻ കൊടുക്കുന്നതുമായ ചിത്രങ്ങളിൽ അഭിനയിക്കാനേ എനിക്ക് താൽപര്യമുള്ളൂ. ഒന്നര വർഷത്തേയ്ക്ക് എന്നെ ആരും വിളിച്ചില്ല. അത് എനിക്ക് വിഷമമുണ്ടാക്കിയിരുന്നു. എന്നാൽ ഞാൻ എന്റെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്നും അവസരങ്ങൾ ഉറപ്പായും വരുമെന്നും തന്നെ കരുതിയിരുന്നു.

കഥാപാത്രങ്ങളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ഒരിക്കലും തയ്യാറായിട്ടില്ല. നല്ല സബ്ജക്ടും തിരക്കഥയും മികച്ച ടീമും എല്ലാം തന്നെയാണ് എപ്പോഴും നോക്കുന്നത്. പുറമേക്ക് പുരോഗമനം പറഞ്ഞുനടക്കുന്ന പല സംവിധായകരോടൊപ്പവും ഞാൻ ജോലി ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ അവർ എന്തുമാത്രം മെയിൽ ഷോവനിസ്റ്റുകളാണെന്ന് മനസിലായത് പിന്നീടാണ്. വനിതാ അഭിനേതാക്കൾ സിനിമ ഇൻഡസ്ട്രിയിലെ ചൂഷണങ്ങളടക്കം കൂടുതൽ കാര്യങ്ങൾ തുറന്നുപറയേണ്ടതുണ്ടെന്ന് പാർവതി അഭിപ്രായപ്പെട്ടു. നടിമാർ 'അധിക പ്രസംഗം' നടത്തണം.

ബോളിവുഡിൽ ഒരു മുൻനിര നടി ഇത്തരത്തിൽ തുറന്നുപറച്ചിലുമായി രംഗത്തുണ്ട്. അവർ ഒരു പോരാളിയാണ്. അവർ ഒറ്റയ്ക്കാവാൻ പാടില്ല കങ്കണ റാണട്ടിനെ ഉദ്ദേശിച്ച് പാർവതി പറഞ്ഞു. ഹോളിവുഡിൽ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി റോസ് മക് ഗോവനെ പോലുള്ള സ്ത്രീകൾ സംസാരിക്കുന്നുണ്ട്. ഇവിടെ എന്തുകൊണ്ട് അത്തരത്തിൽ ഉണ്ടാകുന്നില്ല. ഈ മാറ്റം സിനിമാ ഇൻഡസ്ട്രികളിൽ വരുന്നുണ്ട്. എന്നാൽ വളരെ പതുക്കെയാണത്.

ഒരു നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല. മാർക്കറ്റ് വാല്യു എന്ന് പറയുന്ന സാധനം പൂജ്യമായിരിക്കും. എന്റെ ഏറ്റവും ഒടുവിലത്തെ നാല് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. എന്നാൽ എനിക്ക് പ്രതിഫലം കൂട്ടി ചോദിക്കാനാവില്ല. നിങ്ങൾക്ക് മാർക്കറ്റ് വാല്യു ഇല്ല, ഓവർസീസ് റൈറ്റ്‌സ് ഇല്ല എന്നൊക്കെയാണ് അവർ പറയുന്നത്. നായകന് പ്രേമിക്കാനുള്ളവരെന്നതിന് അപ്പുറം സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറേ നല്ല സിനിമകൾ നമുക്ക് വേണം പാർവതി പറഞ്ഞു.