- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർവ്വതി.. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്; അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്; പാർവ്വതിക്ക് മറുപടിയുമായി സംവിധായകൻ ജയൻ വന്നേരി
തിരുവനന്തപുരം: മമ്മൂട്ടിക്കും കസബക്കുമെതിരെ വിമർശനമുന്നയിച്ച പാർവതിക്ക് മറുപടിയുമായി സംവിധായകൻ ജയൻ വന്നേരി രംഗത്ത്, ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജയൻ തന്റെ മറുപടി അറിയിച്ചത് മമ്മൂട്ടിയെ കുറിച്ചുള്ള വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയെന്നും പാർവതി സിനിമക്ക് വേണ്ടി കാണിച്ച സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത് എന്നും ജയൻ പറയുന്നു. ഐ.എഫ്.എഫ്.കെയുടെ ഓപ്പൺ ഫോറത്തിൽ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പാർവതി ഉന്നയിച്ചത് ജയൻ വന്നേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയ്യപ്പെട്ട പാർവ്വതിതാങ്കളോടുള്ള എല്ലാ സ്‌നേഹവും സൗഹൃദവും ആദരവും നില നിർത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കൾ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടൻ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യ
തിരുവനന്തപുരം: മമ്മൂട്ടിക്കും കസബക്കുമെതിരെ വിമർശനമുന്നയിച്ച പാർവതിക്ക് മറുപടിയുമായി സംവിധായകൻ ജയൻ വന്നേരി രംഗത്ത്, ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജയൻ തന്റെ മറുപടി അറിയിച്ചത് മമ്മൂട്ടിയെ കുറിച്ചുള്ള വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയെന്നും പാർവതി സിനിമക്ക് വേണ്ടി കാണിച്ച സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത് എന്നും ജയൻ പറയുന്നു. ഐ.എഫ്.എഫ്.കെയുടെ ഓപ്പൺ ഫോറത്തിൽ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പാർവതി ഉന്നയിച്ചത്
ജയൻ വന്നേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയ്യപ്പെട്ട പാർവ്വതി
താങ്കളോടുള്ള എല്ലാ സ്‌നേഹവും സൗഹൃദവും ആദരവും നില നിർത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമർശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കൾ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടൻ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്ത ഒരു നടനാണ്. ഒരു പക്ഷെ ലോക സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ ചെയ്ത ഒരു നടനുണ്ടാവില്ല. ഒരു നടൻ അല്ലെങ്കിൽ നടി ഒരു കഥാപാത്രമാകുമ്പോൾ, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉൾകൊള്ളാൻ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടൻ / നടി എന്ന വ്യക്തിയിൽ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മൾ സ്‌നേഹിക്കന്നതും ആരാധിക്കുന്നതും.
അങ്ങനെ ഒരു കഥാപാത്രമാകുമ്പോൾ അയാൾ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പൊലീസുകാരനോ സാഹിത്യകാരനോ അദ്ധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലർത്താൻ ശ്രമിക്കും. ഒരു ക്രിമിനൽ പൊലീസുകാരൻ ഒരിക്കലും ആദർശശുദ്ധിയുള്ള പൊലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജൻ സക്കറിയ അത്തരം ഒരു ക്രിമിനൽ ഓഫീസറാണ്. അയാൾ സ്ത്രീ വിഷയത്തിൽ തത്പരനുമാണ്. അപ്പോൾ അയാൾ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജൻ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടൻ മാത്രമാണ് മമ്മുട്ടി.
പാർവ്വതി.. താങ്കൾ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് നന്നായറിയാം. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്. അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്. പിന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചിൽ വാർത്തെടുത്ത സദാചാരനിഷ്ഠനായ നായകന്മാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാൻ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടൻ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മൾ അദ്ധേഹത്തെ സ്‌നേഹിക്കുന്നതും.
ഇൻസ്‌പെക്ടർ ബൽറാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജിയും രാജൻ സക്കറിയയും ആകുമ്പോൾ തന്നെ ബാലൻ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാൻ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടൻ. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരിൽ ഇത്രയും വലിയൊരു സദസ്സിൽ വിമർശിക്കുമ്പോൾ നമ്മളെന്താണെന്നും നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഒന്നോർക്കണം.
nb: എല്ലാ സ്ത്രീകളും മദർ തെരേസ്സയും എല്ലാ പുരുഷന്മാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.