തിരുവനന്തപുരം: കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷൻ പരിപാടിയിൽ കുഞ്ചാക്കോ ബോബനെ ഉമ്മ വച്ച് പാർവതി. അഭിനയിക്കുമ്പോൾ നായികയ്ക്ക് പകരം ഭാര്യയെ കാണുമെന്ന് ചാക്കോച്ചന്റെ വിശദീരണം. ചാക്കോച്ചൻ പഠിച്ച കള്ളനെന്ന കമന്റിനെ കൈയടിച്ച് താരങ്ങൾ.

ടേക്ക് ഓഫ് സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച വിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചത്. സമീറയും ഷഹീദും ഒത്തുള്ള സ്വകാര്യ രംഗങ്ങൾ ചിത്രീകരിക്കാനുണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു. അഭിനയിക്കുന്നതിനിടെ ഉമ്മ വയ്ക്കാൻ തുടങ്ങിയിട്ടും ചാക്കോച്ചൻ ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാർവതി ജെബി ജംഗ്ഷനിൽ പറഞ്ഞു.

എല്ലാവരും ഷൂട്ടിന് തയ്യാറായി. അഭിനയിച്ചുതുടങ്ങി. ചാക്കോച്ചന്റെ അടുത്തേക്കുവന്നു. എന്നാൽ ഉമ്മ വയ്ക്കാൻ മാത്രം ചാക്കോച്ചൻ സമ്മതിക്കുന്നില്ല. അപ്പോൾ മുഖം മാറ്റിക്കളയും. താടിയും മീശയും നിറഞ്ഞ മുഖത്തെവിടെയോ ആണ് ഉമ്മ നൽകിയത്. ചാക്കോച്ചനെ ഉമ്മവച്ച് കഴിഞ്ഞപ്പോൾ കുറ്റബോധം തോന്നിയെന്നും പാർവതി വെളിപ്പെടുത്തി.

ചാക്കോച്ചന്റെ ഭാര്യ പ്രിയ തനിക്കും കൂടിയുള്ള ഭക്ഷണമാണ് കൊടുത്തുവിട്ടിരുന്നത്. അടുത്ത ദിവസം ഭക്ഷണവുമായി സെറ്റിൽ വന്നപ്പോൾ പ്രിയയോട് കാര്യം പറഞ്ഞു. സംവിധായകൻ മഹേഷ് ആണ് ഇതിന്റെയെല്ലാം കാരണമെന്ന് പ്രിയയോട് പറഞ്ഞതായും പാർവതി ജെബി ജംഗ്ഷനിൽ വിശദീകരിക്കുന്നു.

എന്നാൽ പാർവതി പറയുന്നതിനെ കുഞ്ചാക്കോ ബോബൻ ജെബി ജംഗ്ഷനിൽ ഖണ്ഡിക്കുന്നു. നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോൾ മുന്നിൽ ഭാര്യ പ്രിയയുടെ മുഖമാണ് സ്ഥാപിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. സഹോദര ബന്ധമാണെന്നും അതിനാൽ ഉമ്മ വയ്ക്കുന്നതിൽ പ്രശ്നമില്ലെന്നും ചാക്കോച്ചൻ ജെബി ജംഗ്ഷനിൽ പറഞ്ഞു.

ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങളുമായാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും നായിക പാർവതിയും ജെബി ജംഗ്ഷനിൽ അതിഥികളായി എത്തിയത്. ടേക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണനും പരിപാടിയിൽ അതിഥിയായി എത്തി. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും പരിവാടി സംപ്രേഷണം ചെയ്യും.