തിരുവനന്തപുരം: ഐഎഫഎഫ്‌കെ ഓപ്പൺ ഫോറത്തിൽ കസബ സിനിമയെയും, മമ്മൂട്ടിയെയും വിമർശിച്ചതിനെ തുടർന്ന് നടി പാർവതിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടരുന്ന ആക്രമണങ്ങൾക്ക് ശമനമില്ല. ഏറ്റവുമൊടുവിൽ സംവിധായകൻ ജൂഡ് ആന്റണിയാണ് പാർവതിയെ പരിഹസിച്ച് രംഗ്‌ത്തെത്തിയത്.

സർക്കസ് കൂടാരത്തിലെ കുരങ്ങിനോടാണ് ജൂഡ് പാർവ്വതിയെ ഉപമിച്ചിരിക്കുന്നത്.

''ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ. ??'' ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജൂഡിന്റെ പരിഹാസം.

ഇതിന് ഒരൊറ്റ ട്വീറ്റിലൂടെ പാർവതി ചുട്ടമറുപടി നൽകി.
ഒ.എം.കെ.വി എന്ന് തുന്നിയ തൂവാലയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് പാർവ്വതി മറുപടി നൽകിയത്. ഫെമിനിച്ചി സ്പീക്കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ് പാർവ്വതി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.എല്ലാ സർക്കസ് മുതലാളിമാർക്കും വേണ്ടി എന്നും ചിത്രത്തിന്റെ കൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.ട്വീറ്റിന് പാർവതിക്ക് അഭിനന്ദനവുമായി നടി റിമാ കല്ലിംഗലും ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.