കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷമായിട്ടും തുടർ നടപടികൾ സ്വീകരിക്കാത്ത സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത്. റിപ്പോർട്ടിൻ മേൽ തുടർനടപടികൾ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്ന് പാർവതി കുറ്റപ്പെടുത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.

'ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിർണ്ണായകമായ റിപ്പോർട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓർമ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്'- എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചത്.

ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിർണ്ണായകമായ റിപ്പോർട്ട് തൊഴിലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണെന്നും പാർവതി ഓർമ്മപ്പെടുത്തി.

2017 ജൂലായ് മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വൽസല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.

സിനിമ രംഗത്ത് ശക്തമായ നിയമ നിർമ്മാണം വേണമെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ ചില പുരുഷന്മാർ നിർബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷമായിട്ടും സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനോ റിപ്പോർട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല. ഇതോടെയാണ് സർക്കാരിനെതിരെ വിമർശനവുമായി പാർവതി തിരുവോത്ത് രംഗത്തെത്തിയത്.