- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്; സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് ഞെട്ടിച്ചു എന്നും താരം; നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾ കൂറുമാറിയതിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളായ സിദ്ദീഖും നടി ഭാമയും കൂറുമാറിയെന്ന വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് പാർവതി ഫേസ്ബുക്കിൽ കുറിച്ചു. അതിജീവിച്ചവൾ മൂന്ന് വർഷത്തിലേറെയായി യാതനയിലൂടെയും തുടർച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നതെന്നും താരം ചൂണ്ടിക്കാട്ടുന്നു. ‘ഹൃദയഭേദകമാണിത്. സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം. ഇത് തീർത്തും പീഡനമാണ്', പാർവതി പറഞ്ഞു. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും പാർവതി പറഞ്ഞു. അവൾക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് പാർവ്വതിയുടെ പോസ്റ്റ്. .
സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗിനൊപ്പമാണ് ഫേസ്ബുക്കിൽ വ്യാപകമായി പ്രതിഷേധമറിയിക്കുന്നത്. നടി ഭാമയുടെ ഫേസ്ബുക്ക് പേജിലും നിരവധി പേർ പ്രതിഷേധം അറിയിക്കുന്നുണ്ട്.സഹപ്രവർത്തകയോട് വഞ്ചന പാടില്ലായിരുന്നു, കൂട്ടുകാരിയോട് എങ്ങനെ ഇങ്ങനെ നീതികേട് കാട്ടാനായി, ഇതിനുള്ള ശിക്ഷ കാലം നൽകും, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു തുടങ്ങിയ നിരവധി കമന്റുകളാണ് ഭാമ അവസാനമായി പോസ്റ്റ് ചെയ്ത പരസ്യവീഡിയോക്കും ഫോട്ടോകൾക്കും കീഴെ പോസ്റ്റ് ചെയ്യുന്നത്.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴി പിന്നീട് മാറ്റുകയായിരുന്നു.ഭാമയുടെ നടപടിയെ വിമർശിച്ച് രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ആഷിഖ് അബു, എൻഎസ് മാധവൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ അക്രമത്തെ ഭാമ എന്തുകാണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ രേവതി ചോദിച്ചത്.
അതിജീവിച്ചവൾക്കൊപ്പം നിന്നവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിച്ചുവെന്നും, ലജ്ജാകരമെന്നും റിമ കുറിച്ചു. അക്രമത്തെ അതിജീവിച്ചവൾ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് അവരെ ചതിക്കാൻ പറ്റുന്നതെന്ന് രമ്യാ നമ്പീശൻ ചോദിച്ചു. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബു വിമർശിച്ചു. ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്ന തലക്കെട്ടിൽ യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു എഴുത്തുകാരൻ എൻ എസ് മാധവൻ വിമർശനമറിയിച്ചത്.
മറുനാടന് ഡെസ്ക്