കൊച്ചി: ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും തന്റെ നിലപാടുകൾ ഉറക്കെ പറയാൻ മടി കാട്ടുന്നില്ല നടി പാർവതി. മനീഷ് നാരായണൻ ചിത്രം ടേക്ക് ഓഫിലെ പാർവതിയുടെ മികവിനാണ് ജൂറിയുടെ പ്രത്യേക പരാമർശം കിട്ടിയത്. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ, കത്വ, ഉന്നാവോ പീഡനങ്ങൾക്കെതിരെ പ്രതികരിച്ച് പാർവതി ട്വിറ്ററിൽ പോസ്റ്റിട്ടു. പെൺകുട്ടികൾക്കു നീതി ലഭിക്കണമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പാർവതി ആവശ്യപ്പെട്ടു. 'ഐ ആം ഹിന്ദുസ്ഥാൻ, ഐ ആം അഷെയിംഡ്' എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുമായാണ് പാർവതിയുടെ പ്രതിഷേധം.

മികച്ച നടിക്കുള്ള പോരാട്ടത്തിൽ പാർവതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി അധ്യക്ഷൻ ശേഖർ കപൂർ വിലയിരുത്തി. അന്തരിച്ച നടി ശ്രീദേവിയാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായത്.