തിരുവനന്തപുരം: കമൽ സംവിധാനം ചെയ്യുന്ന ആമിയിൽ തന്റെ ഭാര്യയും മുൻകാല നടിയുമായ പാർവതി നായികയായി എത്തുന്നുവെന്ന വാർത്തകൾ ജയറാം നിഷേധിച്ചു. ഇങ്ങനെ ഒരു ചർച്ചയേ നടന്നിട്ടില്ല എന്ന് ജയറാം വ്യക്തമാക്കി. ആമി ആകുമോ ഇല്ലയോ എന്ന് പാർവ്വതിക്ക് പോലും അറിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ആമി. ഹോളിവുഡ് നടി വിദ്യാ ബാലനെയാണ് പ്രധാന വേഷത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ സംവിധായകൻ കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതു ചൂണ്ടിക്കാട്ടി വിദ്യാ ബാലൻ ചിത്രത്തിൽനിന്ന് പിന്മാറി.

വിദ്യാ ബാലൻ പിന്മാറിയ സാഹചര്യത്തിൽ പല നടിമാരുടെയും പേര് പറഞ്ഞു കേട്ടിരുന്നു. തബു, പാർവ്വതി ജയറാം, പാർവ്വതി തുടങ്ങിയ നായികമാർ ആമിയാകുന്നതായി വാർത്തകൾ പ്രചരിച്ചു. എന്നാൽ തന്റെ ആമിയെ ഇതുവരെ കണ്ടത്തിയില്ല എന്നും അതിനുള്ള അന്വേഷണത്തിലാണ് താനെന്നും കമൽ പറഞ്ഞു.

മാധവിക്കുട്ടിയുടെ ചെറുപ്പം അവതരിപ്പിക്കുന്നത് കാഞ്ചനമാലയെ അനശ്വരമാക്കിയ പാർവ്വതിയും മധ്യവയസ്‌കയായ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന പാർവ്വതി ജയറാം എന്നുമാണ് ഇതിനിടെ ഉണ്ടായ പ്രചാരണം. ഇത് ശരിയായിരുന്നെങ്കിൽ വർഷങ്ങൾക്കു ശേഷമുള്ള മടങ്ങിവരവ് ആകുമായിരുന്നു ചിത്രം. ഇത് നിഷേധിച്ചാണ് ജയറാം രംഗത്ത് എത്തിയിരിക്കുന്നത്.