പട്‌ന: ലോക് ജനശക്തി പാർട്ടിയിൽ സംഘടന പിടിച്ചെടുക്കാനുള്ള ഊർജിത നീക്കങ്ങളിൽ പശുപതി പാരസ് - ചിരാഗ് പസ്വാൻ വിഭാഗങ്ങൾ തമ്മിൽ കടുത്ത പോര്. പാർട്ടി ദേശീയ അധ്യക്ഷനായി പശുപതി പാരസിനെ തിരഞ്ഞെടുത്തതായി അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം അവകാശപ്പെട്ടു. പ്രാദേശിക നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് ചിരാഗ് പാസ്വൻ.

പാരസ് വിഭാഗത്തിലെ പ്രിൻസ് രാജ് എംപിയെ ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കി പകരം രാജു തിവാരിയെ നിയമിച്ചതായി ചിരാഗ് പസ്വാൻ അറിയിച്ചു. പാർട്ടിയിലെ ആറ് എംപിമാരിൽ അഞ്ചു പേരുടെ പിന്തുണയുള്ള പശുപതി പാരസ് പാർലമെന്ററി പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ ബിഹാറിലെ പ്രാദേശിക നേതാക്കളെയും അണികളെയും ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ചിരാഗ് പസ്വാൻ.

പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ മാറ്റിയെന്ന പശുപതി പാരസ് വിഭാഗത്തിന്റെ അവകാശവാദം പാർട്ടി ഭരണഘടനാ നടപടിക്രമങ്ങൾ അനുസരിച്ചല്ലെന്നും ചിരാഗ് പസ്വാൻ വാദിക്കുന്നു. പശുപതി പാരസ് വിഭാഗത്തിലെ അഞ്ച് എംപിമാരെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി കാണിച്ച് ചിരാഗ് പസ്വാൻ ലോക്‌സഭാ സ്പീക്കർക്കു കത്തു നൽകിയിട്ടുണ്ട്.

ലോക് ജനശക്തി പാർട്ടി (എൽജെപി) അധ്യക്ഷ സ്ഥാനത്തുനിന്നു ചിരാഗ് പാസ്വാനെ പിതൃസഹോദരൻ പശുപതി കുമാർ പാരസിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷം നേരത്തെ പുറത്താക്കിയിരുന്നു. പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്നു ചിരാഗിനെ നീക്കാനും പകരം പാരസിനെ നിയമിക്കാനും പാർട്ടിയുടെ 6 എംപിമാരിൽ 5 പേരും ലോക്‌സഭാ സ്പീക്കർക്കു കത്തു നൽകിയതിനു പിറ്റേന്നായിരുന്നു കടുത്ത നടപടി.

'ഒരാൾക്ക് ഒരു പദവി' എന്ന തത്വം അനുസരിച്ചാണു ചിരാഗിനെ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതെന്നു വിമത എംപിമാർ പറഞ്ഞു. എൽജെപി പാർലമെന്ററി പാർട്ടി നേതാവും പാർലമെന്ററി ബോർഡ് ചെയർമാനും ദേശീയ പ്രസിഡന്റുമായിരുന്നു ചിരാഗ്. പുതിയ നിയമനം ഉണ്ടാകുന്നതു വരെ എൽജെപി വർക്കിങ് പ്രസിഡന്റായി സൂരജ് ഭാനെ തിരഞ്ഞെടുത്തിരുന്നു.

എൽജെപിയിലെ കലാപത്തിനു ചരടു വലിച്ചത് ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആണെന്നാണു റിപ്പോർട്ട്. ചിരാഗിനെ ഒഴിവാക്കിയാൽ പാരസിനെ കേന്ദ്രമന്ത്രിയാകാൻ സഹായിക്കാമെന്നാണു നിതീഷിന്റെ വാഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ടു തനിച്ചു മത്സരിച്ച ചിരാഗിന്റെ തീരുമാനം നിതീഷിനു വൻപ്രഹരമായിരുന്നു.

കുടുംബത്തെയും പിതാവ് രൂപീകരിച്ച പാർട്ടിയെയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ചിരാഗ് പസ്വാൻ ട്വീറ്റ് ചെയ്തിരുന്നു. പാർട്ടി അമ്മയെ പോലെയാണ്. അമ്മയെ ഒരിക്കലും വഞ്ചിക്കാൻ പാടില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് നായകർ. പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നവരോടു നന്ദിയുണ്ടെന്നും ചിരാഗ് വ്യക്തമാക്കി. വിമതരെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതായി ചിരാഗ് അറിയിച്ചിരുന്നു.