മസ്‌ക്കറ്റ്: മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ മുൻ വർഷത്തെ അപേക്ഷിച്ച് പാസഞ്ചർ ട്രാഫിക്കിൽ വർധനയെന്ന് റിപ്പോർട്ട്. 2015 ഒക്ടോബർ മാസത്തിൽ 864,804 ആയിരുന്ന പാസഞ്ചർ ട്രാഫിക് ഒമ്പതു ശതമാനം വർധിച്ച് ഈ വർഷം ഒക്ടോബർ ആയപ്പോഴേയ്ക്കും 940,158 ആയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതൽ വർധിച്ചത്.

ഇതേകാലയളവിൽ സലാല എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയുണ്ടെന്നാണ് റിപ്പോർട്ട്. 2015 ഒക്ടോബറിൽ 75,501 ആയിരുന്നത് ഈ വർഷം ഒക്ടോബർ ആയപ്പോഴേയ്ക്കും 84,482 ആയി ഉയർന്നു. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 1,017,402 യാത്രക്കാർ സലാല എയർപോർട്ടിൽ കാലുകുത്തി എന്നും റിപ്പോർട്ടുണ്ട്.

മസ്‌ക്കറ്റ് എയർപോർട്ടിൽ സിവിൽ എയർക്രാഫ്റ്റ് മൂവ്‌മെന്റിലും ആറു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം സലാല എയർപോർട്ടിൽ സിവിൽ എയർക്രാഫ്റ്റ് മൂവ്‌മെന്റിൽ എട്ടു ശതമാനം ഇടിവാണ് ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.