ഡബ്ലിൻ: പാസ്‌പോർട്ട് ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നുവെന്ന സംശയത്തെത്തുടർന്ന് 229 പാസ്‌പോർട്ടുകൾ റദ്ദാക്കി അയർലന്റ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,200 കേസുകളിലാണ് രാജ്യത്തെ പാസ്‌പോർട്ട് സർവ്വീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ തട്ടിപ്പ് സംശയിക്കുന്ന 184 കേസുകൾ ഗാർഡയ്ക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന 229 പാസ്പോർട്ടുകൾ റദ്ദാക്കിയതായും മറുപടിയിൽ അധികൃതർ പറയുന്നു.

അതേസമയം പാസ്പോർട്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2019-ൽ ഇത്തരം 1,644 കേസുകളാണ് അധികൃതർ അന്വേഷിച്ചിരുന്നതെങ്കിൽ 2020-ൽ 1,033 പാസ്പോർട്ട് തട്ടിപ്പുകളെപ്പറ്റിയാണ് അന്വേഷണം നടത്തിയത്. ഇതിൽ വെറും 20 എണ്ണം മാത്രമാണ് വിശദമായ അന്വേഷണത്തിനായി ഗാർഡയ്ക്ക് കൈമാറിയിരിക്കുന്നത്. മുൻവർഷം ഇത് 67 ആയിരുന്നു.

2020-ൽ കോവിഡ് കാരണം പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതും, പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനം ശക്തമാക്കിയതും, സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ചതുമാണ് ഇതിന് കാരണമെന്നാണ് പാസ്‌പോർട്ട് സർവ്വീസ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം വെറും 22 പാസ്പോർട്ടുകൾ മാത്രമാണ് റദ്ദാക്കേണ്ടിവന്നത്. പാസ്പോർട്ട് തട്ടിപ്പുകൾ പിടികൂടാനായി 2017 മുതൽ അധികൃതർ കൃത്യമായ ഇടപെടൽ നടത്തിവരികയാണ്. ഗൗരവസ്വഭാവമുള്ള കേസുകൾ മാത്രമാണ് അന്വേഷണത്തിനായി ഗാർഡയ്ക്ക് കൈമാറുക.