ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളുടെ പാസ്‌പോർട്ടുണ്ടെങ്കിൽ നിലവിൽ ഏത് യൂറോപ്യൻ രാജ്യത്തേക്കും കുടിയേറി ജോലി ചചെയ്‌തോ ബിസിനസ് ചെയ്‌തോ ജീവിക്കാൻ സാധിക്കും. യൂറോപ്യൻ പൗരത്വം കിട്ടാൻ പ്രയാസമാണെന്ന ചിന്തയുടെ കാലവും കഴിയുകയാണ്. പണം കൊടുത്ത് പൗരത്വം വാങ്ങാനാവും എന്നതാണ് ഏറ്റവും പുതിയ വാർത്ത. മാൾട്ട, ബൾഗേറിയ, സൈ്പ്രസ് തുടങ്ങിയ രാജ്യങ്ങളാണ് പണം മുടക്കുന്നവർക്ക് പൗരത്വം നൽകുന്ന (സിറ്റിസൺ ബൈ ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാം) നടപ്പാക്കുന്നത്.

പൗരത്വത്തിനായി മുടക്കുന്ന പണം തിരിച്ചുകിട്ടില്ല. അത് ആ രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി നൽകുന്ന സംഭാവനയായാണ് പരിഗണിക്കുക. മാൾട്ടയിൽ പൗരത്വം വേണമെങ്കിൽ 569,925 പൗണ്ടാണ് (ഏകദേശം അഞ്ചുകോടി രൂപ) ചെലവിടേണ്ടത്. അതുകൊടുക്കുന്നതോടെ, അതിവേഗ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം പാസ്‌പോർട്ട് നിങ്ങൾക്ക് ലഭിക്കും. നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ ഫണ്ടിലേക്കുള്ള സംഭാവനയായാണ് തുക നൽകേണ്ടത്. വേറെയും നിക്ഷേപ മാർഗങ്ങളുണ്ട്.

ബൾഗേറിയയിൽ പൗരത്വം ലഭിക്കുന്നതിന് 448,443 പൗണ്ടാണ് ചെലവിടേണ്ടത്. അഞ്ചുവർഷത്തേക്ക് സർക്കാർ നൽകുന്ന ബോ്ണ്ടിൽ ഈ തുക നിക്ഷേപിച്ചാൽ നിങ്ങൾക്ക് പൗരത്വം ലഭിക്കും. പലിശയില്ലാത്ത നിക്ഷേപമായിരിക്കും ഇത്. സൈപ്രസിലാണ് ഏറ്റവും ചെലവേറിയ നിക്ഷേപം വേണ്ടത്. റിയൽ എസ്റ്റേറ്റിൽ 18 ലക്ഷം പൗണ്ടാണ് പൗരത്വത്തിനായി നിക്ഷേപിക്കേണ്ടത്. അല്ലെങ്കിൽ 438,497 പൗണ്ട് നിക്ഷേപിക്കുകയോ 13 ലക്ഷം പൗണ്ട് വിലയുള്ള വീട് സ്വന്തമാക്കുകയോ വേണം.

അല്ലെങ്കിൽ, 448,443 പൗണ്ട് സർക്കാർ ഫണ്ടിൽ നിക്ഷേപിക്കുകയും അടുത്തവർഷം അതാവർത്തിക്കുകയും ചെയ്താൽ, രണ്ടാം വർഷം നിങ്ങൾക്ക് പൗരത്വം ലഭിക്കുന്ന മറ്റൊരു രീതി കൂടിയുണ്ട്. 2017-ല സെകക്ൻഡ് സിറ്റിസൺഷിപ്പ് സർവേ അനുസരിച്ച് 89 ശതമാനംപേരും സെക്കൻഡ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ താത്പര്യമുള്ളവരാണ്. 34 ശതമാനം പേർ നിക്ഷേപങ്ങളിലൂടെ രണ്ടാം പാസ്‌പോർട്ട് നേടാനുള്ള ശ്രമത്തിലാണെന്നും സർവേ നടത്തിയ സിഎസ് ഗ്ലോബൽ പാർട്‌ണേഴ്‌സ് പറയുന്നു. രണ്ടാം പാസ്‌പോർട്ട് ലഭിക്കുന്നതിനായി വാർഷിക ശമ്പളത്തിന്റെ അഞ്ചുശതമാനം നിക്ഷേപിക്കാൻ തയ്യാറാണെ്‌ന് പത്തിൽ എട്ടുപേരും പറയുന്നതായും സർവേ വെളിപ്പെടുത്തുന്നു.