അബുദാബി: ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന വിധത്തിൽ പാസ്സ്പോർട്ട് നിറം മാറ്റാനുള്ള നീക്കത്തിന് എതിരെ ഇന്ത്യൻ മീഡിയ അബുദാബി നടത്തിയ ശ്രമത്തിനു ഫലം കണ്ടു.പ്രവാസികൾക്ക് ഏറെ ദോഷകരമായി മാറാവുന്ന തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ മീഡിയ അബുദാബി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിക്കു നിവേദനം നൽകിയിരുന്നു.

പാസ്സ്പോർട്ട് രണ്ട് നിറങ്ങളിൽ ആക്കുന്നതു മൂലമുള്ള പ്രയാസങ്ങൾ ?കേന്ദ്ര മന്ത്രി അൺഫോൺസ് കണ്ണന്താനം,പി.വി.അബ്ദുൾ വഹാബ് എംപി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പടെ ഉള്ള നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.ഇക്കാര്യം ഉന്നയിച്ചു കൊണ്ട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു നിവേദനം നൽകിയ ഏക പ്രവാസി സംഘടന അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി ആണ്.

പാസ്സ്‌പോർട്ട് രണ്ട് നിറങ്ങളിലാക്കി മാറ്റുന്നതോടെ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയോ,അവസരങ്ങൾ നിഷേധിക്ക പെടുകയോ ചെയ്യുമെന്ന ആശങ്ക വ്യാപകമായി നില നിൽക്കുന്ന സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകർ തന്നെ നേരിട്ട് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.

പൊതു പ്രശ്നത്തിൽ മാധ്യമ പ്രവർത്തന ദൗത്യ നിർവഹണത്തോടൊപ്പം ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക എന്ന വേറിട്ട പ്രവർത്തനമാണ് അബുദാബിയിലെ മാധ്യമ പ്രവർത്തകർ നടത്തി യതെന്ന് ഇന്ത്യൻ മീഡിയ പ്രസിഡന്റ് റസാഖ് ഒരുമനയൂർ പറഞ്ഞു.പ്രവാസികളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ നിരന്തരമുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.